News Desk

2021-03-23 01:13:09 pm IST
ദോഹ: യമന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള എല്ലാ പദ്ധതികളെയും സ്വാഗതം ചെയ്യുന്നതായി ഖത്തര്‍. യെമനിലെ പ്രതിസന്ധി അവസാനിപ്പിച്ച് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി സൗദി അറേബ്യ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

യെമനിലെ തങ്ങളുടെ സഹോദര ജനതയുടെ അഭിലാഷങ്ങള്‍ നടപ്പാക്കാനായുള്ള സമഗ്രമായ രാഷ്ട്രീയ പാതയ്ക്കായുള്ള ഖത്തറിന്റെ ആഗ്രഹം വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു. ഗള്‍ഫ് പദ്ധതിയുടെയും പ്രമേയം നമ്പര്‍ 2216 ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്രസഭ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ യെമനിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. 

യെമനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമാധാന പദ്ധതി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍ പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ രാജ്യവ്യാപകമായി വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സൗദിയുടെ പുതിയ സമാധാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 

കൂടാതെ, സ്റ്റോക്ക്‌ഹോം കരാറിന് അനുസൃതമായി ഹുദൈദ തുറമുഖത്തെ എണ്ണ കപ്പലുകളുടെ നികുതിയും വരുമാനവും സെന്‍ട്രല്‍ ബാങ്ക് ഓഫ് യമന്റെ സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിക്കുക, നിരവധി പ്രാദേശിക അന്തര്‍ദ്ദേശീയ സ്ഥലങ്ങളിലേക്ക് വീണ്ടും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനായി സന അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറക്കുക, യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയം പ്രകാരം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ യമന്‍ പ്രതിസന്ധിക്ക് ഒരു രാഷ്ട്രീയ പ്രമേയത്തിലെത്താന്‍ യമന്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ആലോചനക്കായി ദേശീയ സംഭാഷണത്തിന് തുടക്കം കുറിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് സൗദി അവതരിപ്പിച്ച സമാധാന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഹൂത്തികള്‍ സമ്മതിച്ചാല്‍ ഉടന്‍ തന്നെ ഈ സമാധാന പദ്ധതി പ്രാബല്യത്തില്‍ വരുമെന്നും ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top