ദോഹ: 2022-ല്‍ ഫിഫ ലോകകപ്പ് ഖത്തറില്‍ നടക്കാനിരിക്കെയാണ് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വിടവാങ്ങിയത്. ഖത്തറിന്റെ ആത്മസുഹൃത്തുകൂടിയായിരുന്നു ഫുട്ബോള്‍ പ്രേമികളുടെ ഈ പ്രിയ താരം.
2005 നവംബറിലായിരുന്നു ഡീഗോ ഖത്തറില്‍ എത്തിയിരുന്നത്. ലോകത്തിലെ മികച്ച കായിക കേന്ദ്രമായ ആസ്പെയര് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിനായിരുന്നു അദ്ദേഹം എത്തിയത്. അന്ന് മറഡോണയ്ക്കൊപ്പം, മറ്റൊരു ഇതിഹാസ താരമായ
പെലെയും പങ്കെടുത്തിരുന്നു. ഭാര്യക്കും മകള്‍ക്കുമൊപ്പം കുടുംബസമേതമാണ് അന്ന് മറഡോണ ദോഹയിലെത്തിയത്. ആസ്പയറില്‍ വാര്‍ത്താസമ്മേളനത്തിലും മറഡോണ പങ്കെടുത്തിരുന്നു. ആസ്പയര് അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം കുട്ടിത്താരങ്ങള്‍ക്കൊപ്പം പന്തു തട്ടുകയും ചെയ്തിരുന്നു.
ഖത്തറിലെത്തിയ അദ്ദേഹം ആരാധകരോട് ഏറെ സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. ചിരിച്ച മുഖവുമായി അദ്ദേഹം ആരാധകരെ വരവേല്‍ക്കുകയും, അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത കറുത്ത ടി-ഷര്‍ട്ട് അണിഞ്ഞാണ് മറഡോണ അന്ന് ഖത്തറില്‍ എത്തിയിരുന്നത്. അറബികളുടെ വെള്ളതലപ്പാവ് അണിഞ്ഞ അദ്ദേഹം ആരാധകരെ കൈയിലെടുക്കുകയും ചെയ്തിരുന്നു. ഖത്തരികളുടെയും പ്രവാസികളുടെയുമെല്ലാം സോഷ്യല്‍മീഡിയ പേജുകളില്‍ അനുശോചന സന്ദേശങ്ങള്‍ നിറഞ്ഞിരുന്നു. ഇതിനുപുറമെ, ഖത്തറില്‍ മറഡോണ ഇടക്കിടെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
2012-ല്‍ പരിശീലകന്റെ വേഷത്തിലും മറഡോണ ദോഹയിലെത്തിയിരുന്നു. ദുബൈയുടെ അല്‍വാസില്‍ ക്ലബ്ബിന്റെ പരിശീലകനായിരിക്കെ അല്ഖോറിനെതിരായ മത്സരത്തിനായാണ് മറഡോണയും ടീമും ദോഹയിലെത്തിയത്. മറഡോണയുടെ വിയോഗത്തില്‍ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി അനുശോചിച്ചു. തന്റെ ബാല്യകാല നായകനും എക്കാലത്തെയും മഹാനായ ഫുട്ബോളറുമാണ് മറഡോണയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഫുട്ബോളിനെ കാലാതീതമാക്കിയ വ്യക്തിത്വമാണ് മറഡോണയെന്നും അല്‍തവാദി അനുസ്മരിച്ചു. കഴിഞ്ഞ കാലത്തെയും ഭാവിയിലെയും ഫിഫ ലോകകപ്പ് താരങ്ങളുടെയും ആസ്വാദകരുടെയും പ്രചോദനമാണ് മറഡോണയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ റോഡ് ടു 2022 ട്വീറ്റ് ചെയ്തിട്ടുണ്ട്.