News Desk

2021-11-25 01:03:00 pm IST


ദോഹ: ഖത്തറില്‍ ഫിഫ ലോകകപ്പ് കൗണ്ട്ഡൗണ്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി കാര്‍ണിവല്‍ നാളെ നടക്കും. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷണല്‍സ് കൗണ്‍സില്‍ (ഐ.ബി.പിസി) എന്നീ മൂന്ന് അപെക്‌സ് ബോഡികളുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് കാര്‍ണിവല്‍ നടക്കുക. 

വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണി മുതല്‍ രാത്രി 10 മണി വരെ അബു ഹമൂര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി. വൈകീട്ട് ഏഴിന് ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ സംഗീത നൃത്ത പരിപാടികള്‍, പരമ്പരാഗത ഇന്ത്യന്‍ കായിക ഇനങ്ങളുടെ പ്രദര്‍ശനം, ആകര്‍ഷകമായ സമ്മാനങ്ങളോടുകൂടിയ ഫുട്‌ബോള്‍ ഷൂട്ടൗട്ട് ഇവന്റ്, ഫേസ് പെയിന്റിംഗ്, ഫുട്ബോള്‍ ജഗ്ലേഴ്സ്, മാജിക് ഷോ, ലേസര്‍, ഫയര്‍വര്‍ക്ക്സ് മുതലായവ അരങ്ങേറും.

പരിപാടി നടക്കുന്ന സ്ഥലത്തേക്കുള്ള പ്രധാന കവാടം ഗേറ്റ് നമ്പര്‍ 6 വഴിയാണ്. കുടുംബങ്ങള്‍ക്ക് ഗേറ്റ് നമ്പര്‍ 4 ലൂടെ പ്രവേശിക്കാനാവും. ഖത്തറിലെ പ്രമുഖര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍, ഖത്തറില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.  

ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ് (ഐ.ഡി.സി), യുണൈറ്റഡ് നഴ്സ് ഓഫ് ഇന്ത്യഖത്തര്‍ (യുനിക്), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ (ഫിന്‍ക്യു) എന്നിവയിലെ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും, പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കൊവിഡ് നിയന്ത്രണങ്ങളുടെ ചുമതല ഇവര്‍ നടപ്പാക്കും. വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കും.  

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി കാര്‍ണിവല്‍ പരിപാടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top