News Desk

2021-04-25 06:49:52 pm IST
ആലപ്പുഴ: പി.പി.ഇ കിറ്റ് ധരിച്ചെത്തിയ വധുവിനെ കൊവിഡ് ചികിത്സയിലുള്ള ഖത്തര്‍ പ്രവാസിയായ വരന്‍ താലി ചാര്‍ത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ കൊവിഡ് വാര്‍ഡിലെ പ്രത്യേക മുറിയിലായിരുന്നു ഈ വേറിട്ട വിവാഹം. പള്ളാത്തുരുത്തി സ്വദേശിയായ ശരത്തും തെക്കനാര്യാട് സ്വദേശിനി അഭിരാമിയുമാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹിതരായത്. വിവാഹ ശേഷം വധു ബന്ധുവിന്റെ വീട്ടിലേക്കും വരന്‍ കൊവിഡ് വാര്‍ഡിലേക്കും മടങ്ങി.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് ഏതാനും ദിവസം മുന്‍പ് വരനും മാതാവിനും കൊവിഡ് ബാധിച്ചെങ്കിലും മുഹൂര്‍ത്തം തെറ്റാതെ ചടങ്ങു നടത്താനുള്ള ഇരുവീട്ടുകാരുടെയും തീരുമാനമാണു കൊവിഡ് വാര്‍ഡിലെ താലികെട്ടിനു വഴിയൊരുക്കിയത്. 

ഖത്തറിലാണ് ശരത്തിന് ജോലി. ഒരു കൊല്ലം മുന്‍പ് ഇരുവീട്ടുകാരും വിവാഹത്തിന് തീരുമാനിച്ചെങ്കിലും ശരത്തിന് നാട്ടിലെത്താന്‍ കഴിയാത്തതിനാല്‍ നീണ്ടുപോയി. കഴിഞ്ഞമാസം 22-നാണ് നാട്ടിലെത്തിയത്. പത്തുദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷം കൊവിഡ് പരിശോധിച്ച് നെഗറ്റീവാണെന്ന് ഉറപ്പാക്കി. 

ബുധനാഴ്ച വൈകീട്ടാണ് ശരത്തിനും അമ്മയ്ക്കും ശ്വാസം മുട്ടലുണ്ടായി തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയത്. പരിശോധനയില്‍ ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അധികൃതരുടെ അനുമതി വാങ്ങി കൊവിഡ് വാര്‍ഡില്‍വെച്ച് കല്യാണം നടത്താന്‍ തീരുമാനിച്ചത്. 

പള്ളാത്തുരുത്തി 25-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം സെക്രട്ടറി കൈനകരി ഓണംപള്ളി എന്‍.ശശിധരന്റെയും ജിജിമോളുടെയും മകനാണ് ശരത്മോന്‍. അഭിരാമി തെക്കനാര്യാട് പ്ലാംപറമ്പില്‍ സുജിയുടെയും കുസുമത്തിന്റെയും മകളാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top