News Desk

2021-02-13 08:54:44 pm IST

കോഴിക്കോട്: ഖത്തര്‍ പ്രവാസിയായ വ്യവസായിയെ തൂണേരി മുടവന്തേരിയില്‍ വച്ച് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി യു.ഡി.എഫ്. വ്യാപാരിയെ തട്ടികൊണ്ട് പോയ ക്വട്ടേഷന്‍ സംഘവും പോലിസും ഒത്ത് കളിക്കുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

പ്രതിഷേധ സൂചകമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ നാദാപുരത്ത് റോഡ് ഉപരോധിച്ചു. യു.ഡി.എഫ് നേതാക്കള്‍ ഇന്ന് വൈകീട്ട് നാദാപുരം പൊലീസുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടപടി തൃപ്തികരമല്ലെന്ന് ആരോപിച്ചാണ് നാദാപുരം-തലശ്ശേരി റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. 

പ്രവാസി വ്യവസായി എം.ടി.കെ അഹമ്മദിനെ (53) യാണ് തട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച പുലര്‍ച്ചെ പള്ളിയില്‍ നമസ്‌ക്കരിക്കാന്‍ പോകുന്നതിനടിയില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് കാറില്‍ കയറ്റികൊണ്ടു പോകുകയായിരുന്നു. 

ഖത്തര്‍, ദുബൈ എന്നിവിടങ്ങളില്‍ വ്യവസായിയാണ് അഹമ്മദ്. ഖത്തറില്‍വെച്ച് മറ്റൊരു മലയാളിയുടെ ഭീഷണി ഉണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു. അഹമ്മദിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നതായും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പല നമ്പരുകളില്‍ നിന്ന് അഹമ്മദിന് നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായും ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു. 

സഹോദരന്റെ പരാതിയില്‍ നാദാപുരം സി.ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ക്വട്ടേഷന്‍ സംഘമാണ് തട്ടികൊണ്ട് പോകലിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

തട്ടിക്കൊണ്ടു പോയതിന് ശേഷം സംഘത്തിലൊരാള്‍ അഹമ്മദിന്റെ വീട്ടിലെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഒരു കോടി രൂപ നല്‍കണം എന്ന് ആവശ്യപ്പെട്ടതായും ബന്ധുക്കള്‍ പറയുന്നു. 

ആളെ കാണാനില്ലെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി നാദാപുരം പൊലീസ് അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top