News Desk

2021-03-15 03:47:37 pm IST
കോഴിക്കോട്: കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റോറിമാര്‍ട്ട് എന്ന ഇ കൊമേഴ്സ് കമ്പനിയ്ക്ക് ഖത്തറില്‍ പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാറിന്റെ ക്ഷണം. എന്‍.ഐ.ടിയിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ബിസിനസ് ഇന്‍ക്യുബേറ്ററില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ് കമ്പനിയാണ് ഇത്. 

ഖത്തര്‍ ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിജിറ്റല്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ സംഘടിപ്പിച്ച ഐഡിയ ക്യാമ്പില്‍ പങ്കെടുത്താണ് കമ്പനിക്ക് ഈ നേട്ടം ലഭിച്ചതെന്നാണ് വിവരം. പല ഘട്ടങ്ങളായി നടന്ന സ്‌ക്രീനിങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട 25 സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് സ്റ്റോറിമാര്‍ട്ട്. നൂതന ആശയങ്ങളും അതു നടപ്പാക്കാനുള്ള പദ്ധതിയും അവതരിപ്പിക്കുക എന്നതായിരുന്നു മത്സരം. ഒടുവില്‍ സ്റ്റോറിമാര്‍ട്ടിന്റെ ബിസിനസ് മോഡലും തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് എന്‍.ഐ.ടി ബിസിനസ് ഇന്‍ക്യുബേറ്ററില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയുണ്ട്.

കമ്പനിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനമികവ് തെളിയിച്ചാല്‍ കമ്പനിയെ ഗ്രാജ്വേറ്റഡായി പ്രഖ്യാപിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്നുമാണ് വാഗ്ദാനം. ഐ.ടി കമ്പനികളിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട് സ്വദേശിയായ സുബൈര്‍ പൊറോരയും മലപ്പുറം സ്വദേശിയായ നബീല്‍ ഹമദും ചേര്‍ന്ന് മൂന്ന് വര്‍ഷം മുന്‍പാണ് സ്റ്റോറിമാര്‍ട്ട് ആരംഭിച്ചത്. ഉടന്‍ തന്നെ ഖത്തറില്‍ പ്രവര്‍ത്തനമാരഭിക്കുമെന്ന് അവര്‍ പറഞ്ഞു. ഖത്തറില്‍ നിന്നുകൊണ്ട് ആഗോളതലത്തില്‍ വികസിക്കുക എന്നതാണ് സ്റ്റോറിമാര്‍ട്ട് ലക്ഷ്യമിടുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top