News Desk

2021-02-14 09:59:05 pm IST
കോഴിക്കോട്: ഖത്തറിലെ പ്രമുഖ വ്യവസായിയും നാദാപുരം സ്വദേശിയുമായ എം.ടി.കെ അഹമദിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ചോദ്യം ചെയ്യാനായി നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം, കണ്ണൂര്‍ സ്വദേശികളെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.

അഹമ്മദിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന സൂചനയാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്നത്. ഇന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അഹമ്മദിന്റെ ഭാര്യയുടേയും കുട്ടികളുടേയും മൊഴി രേഖപ്പെടുത്തി. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ മുടവന്തേരിയിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് പോകും വഴിയാണ് പ്രവാസി വ്യാപാരിയായ അഹമ്മദിനെ ഒരു സംഘം കാറിലെത്തി തട്ടിക്കൊണ്ട് പോയത്. ബന്ധുക്കള്‍ ആറ് മണിക്ക് മുമ്പ് തന്നെ നാദാപുരം പൊലീസില്‍ വിവരം അറിയിച്ചെങ്കിലും പൊലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് പരാതിയുണ്ട്. 

അഹമ്മദിന്റെ സഹോദരന് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വന്നതോടെയാണ് പൊലീസ് കേസ് ഗൗരവമായി പരിഗണിച്ചത്. നാട്ടുകാരുടെ സമ്മര്‍ദ്ദവും പ്രതിഷധവും ഉണ്ടായ ശേഷം മാത്രമാണ് പൊലീസ് തട്ടിക്കൊണ്ട് പോകല്‍ വകുപ്പില്‍ ക്രിമിനല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിക്കുന്നത് തുടരുകയാണെന്നും നാട്ടുകാര്‍ പറയുന്നു. 

പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ചു. അഹമ്മദിനെ മോചിപ്പിക്കും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top