News Desk

2022-01-14 07:11:31 pm IST
ലണ്ടന്‍: ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് എലിസബത്ത് രജ്ഞിയുടെ മകനായ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ പദവികള്‍ ബക്കിംങ്ഹാം കൊട്ടാരം നീക്കം ചെയ്തു. രാജകീയ പദവികള്‍ക്കൊപ്പം ആന്‍ഡ്രൂവിന്റെ സൈനിക പദവികളും നീക്കം ചെയ്തുവെന്ന് എലിസബത്ത് രജ്ഞി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ആന്‍ഡ്രൂ രാജകുമാരന്‍ തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വിര്‍ജീനിയ ജിയുഫ്രെ കോടതിയെ സമീപിച്ചിരുന്നു. വിര്‍ജീനിയയുടെ സിവില്‍ സ്യുട്ടിനു ന്യൂയോര്‍ക്ക് കോടതി അനുമതി നല്‍കിയതിന് തൊട്ടു പിന്നാലെയാണ് രാജകുമാരന്റെ അധികാരങ്ങള്‍ നീക്കം ചെയ്യാനുള്ള രാജകുടുംബത്തിന്റെ തീരുമാനം ഉണ്ടായത്. ഇനി ഒരു സാധാരണ പൗരനെന്ന നിലയില്‍ ആന്‍ഡ്രൂ രാജകുമാരന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍  കേസ് വാദിക്കാം.

എലിസബത്ത് രാജ്ഞിയുടെ മകനായ ആന്‍ഡ്രൂവിന്റെ സൈനിക പദവികളും രാജകീയ രക്ഷാകര്‍തൃത്വവും ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് നീക്കം ചെയ്യുന്നതായി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രസ് സര്‍വീസ് വഴിയാണ് ഔദ്യോഗികമായി അറിയിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ അംഗീകാരത്തോടുകൂടി ഡ്യൂക്ക് ഓഫ് യോര്‍ക്കിന്റെ എല്ലാ സൈനിക ബന്ധങ്ങളും ബഹുമതികളും രാജകീയ രക്ഷാകര്‍തൃത്വങ്ങളും പിന്‍വലിച്ചതായും അവ രാജകുമാരന്‍ രാജ്ഞിക്ക് തിരികെ നല്‍കിയെന്നും രാജകുടുംബം വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. 
ഇനിമുതല്‍ ആന്‍ഡ്രൂ പൊതു ചുമതലകള്‍ വഹിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 

മനുഷ്യാവകാശ പ്രവര്‍ത്തകയായ വിര്‍ജീനിയ ഗ്യൂഫ്രെയാണ് ബ്രിട്ടീഷ് രാജകുമാരനായ ആന്‍ഡ്രൂ തന്നെ പതിനേഴ് വയസ്സുള്ളപ്പോള്‍ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതിനു പിന്നാലെയാണ് രാജകുമാരന്റെ അധികാരങ്ങള്‍ നീക്കം ചെയ്തുകൊണ്ടുള്ള കൊട്ടാരത്തിന്റെ നടപടി ഉണ്ടായത്. എന്നാല്‍ ലൈംഗികാതിക്രമ ആരോപണം ആന്‍ഡ്രൂ രാജകുമാരന്‍ നിഷേധിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയും തടവില്‍ കഴിയുന്നതിനിടെ മരിക്കുകയും ചെയ്ത അമേരിക്കന്‍ ശതകോടീശ്വരന്‍ ജെഫ്രിഎപ്‌സൈറ്റന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രാജകുമാരനായി തന്നെ എത്തിച്ച് നല്‍കിയിരുന്നു. പതിനേഴാം വയസിലാണ് തനിക്ക് ഈ അനുഭവം ഉണ്ടായതെന്നുമാണ് വെര്‍ജീനിയ വെളിപ്പെടുത്തല്‍ നടത്തിയത്.

അതേസമയം, ജെഫ്രിഎപ്‌സൈറ്റനും ആന്‍ഡ്രൂ രാജകുമാരനും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങള്‍ ബ്രിട്ടീഷ് പൊലീസ് പരിശോധിച്ചിരുന്നു. പരാതിയില്‍ നടപടി ആവശ്യമില്ലെന്ന വിലയിരുത്തലാണ് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാല്‍, വിര്‍ജീനിയ നല്‍കിയ സിവില്‍ കേസ് നിലനിന്നതാണ് രാജകുമാരന് തിരിച്ചടിയായത്. വിര്‍ജീനിയ നല്‍കിയ കേസിനെതിരെ ആന്‍ഡ്രൂ നല്‍കിയ ഹര്‍ജി കോടതി തള്ളിയതോടെയാണ് വിചാരണ നേരിടേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായത്. കേസുമായി മുന്നോട്ട് പോകാനുള്ള അനുമതി വിര്‍ജീനിയ്ക്ക് കോടതി നല്‍കിയിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top