News Desk

2021-03-12 04:09:13 pm IST

ന്യൂഡല്‍ഹി: നേമം നിയമസഭാ സീറ്റില്‍ അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് ശശി തരൂര്‍ മത്സരിക്കട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദ വീക്ക് മാഗസിനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാല്‍ സംസ്ഥാന നേതാക്കള്‍ ഈ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരാണ് നേമത്തേക്ക് നേരത്തെ ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ദേശീയ നേതാവായ തരൂരിനെ പോലെ ഒരാളെ മത്സരിപ്പിക്കുന്നത് ബി.ജെ.പിക്കെതിരെ രാജ്യത്തുടനീളം ശക്തമായ സന്ദേശം നല്‍കുന്നതാണ് എന്നാണ് രാഹുലിന്റെ പക്ഷം.

'രണ്ട് കാര്യങ്ങളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഒന്ന്, തരൂരിനെ രംഗത്തിറക്കുന്നതിലൂടെ പാര്‍ട്ടിക്കുള്ളിലെ എ, ഐ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കാം. രണ്ട്, കേരള ഘടകത്തെ നേരിട്ട് രാഹുലിന്റെ നിയന്ത്രണത്തിലാക്കാം.', ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

രാഹുലിന്റെ നിര്‍ദേശത്തിന് മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അനുകൂലമാണ് എന്നാണ് വിവരം. നിര്‍ദേശത്തോട് ആദ്യഘട്ടത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്ന തരൂര്‍ പിന്നീട് വഴങ്ങിയെന്നും ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

തരൂരിനെ രംഗത്തിറക്കുന്നത് യുവാക്കളെയും നിഷ്പക്ഷ വോട്ടര്‍മാരെയും ആകര്‍ഷിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചതു പോലുള്ള നീക്കമായിരിക്കും ഇത്. വെള്ളിയാഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top