News Desk

2020-11-30 03:12:59 pm IST

കൊച്ചി: കെ.എസ്.എഫ്.ഇയില്‍ നടത്തിയ റെയ്ഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയാണെന്ന് സൂചന. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണ് വിജിലന്‍സ് റെയ്ഡ് നടന്നതെന്നാണ് ആരോപണം. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉപദേഷ്ടാവാണ് രമണ്‍ ശ്രീ വാസ്തവ.

സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസക്കും നേരത്തേ ഇത്തരത്തില്‍ ഒരു സംശയം ഉന്നയിച്ചിരുന്നു. സി.പി.ഐ.എം മുഖപത്രത്തിലും രമണ്‍ശ്രീ വാസ്തവയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. 

വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്‌ഡെന്നാണ് മുഖപത്രത്തില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരിക്കെയാണ് റെയ്ഡിന് നിര്‍ദേശം നല്‍കിയതെന്നും ആരോപണമുണ്ട്.

മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്. പിന്നീട് റെയ്ഡ് നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. റെയ്ഡിന് ഓപറേഷന്‍ ബചത് എന്ന പേര് നല്‍കിയതിലും സംശയം നിലനില്‍ക്കുന്നുണ്ട്. 

സാധാരണ മലയാളം, ഇംഗ്ലീഷ് പേരുകളാണ് വിജിലന്‍സ് റെയ്ഡുകള്‍ക്ക് നല്‍കുന്നത്. ഓപറേഷന്‍ ബചത് എന്ന ഹിന്ദി പേരാണ് റെയ്ഡിനു നല്‍കിയിരിക്കുന്നത്. സമ്പാദ്യം എന്നാണ് ബചത്തിന്റെ അര്‍ത്ഥം.

അതേസമയം, കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടന്നത് രഹസ്യ പരിശോധനക്ക് ശേഷമാണ് എന്ന് വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നിട്ടുണ്ട്. റെയ്ഡ് നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ കത്തിലാണ് നേരത്തെ രഹസ്യ പരിശോധന നടന്നുവെന്ന പരാമര്‍ശമുള്ളത്. നവംബര്‍ പത്തിന് രഹസ്യ പരിശോധന നടന്നതായും കെ.എസ്.എഫ്.ഇയില്‍ അഞ്ചു ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതായും കത്തില്‍ പരാമര്‍ശമുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH


Top