News Desk

2021-10-12 07:35:46 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ തയ്യാറായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പൊലീസ് സ്‌റ്റേഷനിലും ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് എക്‌സ്‌കവേറ്റര്‍, ബോട്ടുകള്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ ക്രമീകരിക്കും.

എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വരും ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഒക്ടോബര്‍ 13- എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ഒക്ടോബര്‍ 14- തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

ഒക്ടോബര്‍ 15- പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.


ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

ഒക്ടോബര്‍ 13- ആലപ്പുഴ, കോട്ടയം

ഒക്ടോബര്‍ 14- ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്

ഒക്ടോബര്‍ 15-കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്

ഒക്ടോബര്‍ 16- ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊലീസ് ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഡി.ജി.പി അറിയിച്ചു.

പ്രത്യേക നിര്‍ദേശങ്ങള്‍: 

* അതിശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

* വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

* അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. 

* സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

* ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

* ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

* ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

* അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

* മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ALSO WATCH

Top