News Desk

2021-04-01 11:21:17 am IST

ന്യൂഡല്‍ഹി: നടന്‍ രജനീകാന്തിന് 51-ാമത് ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം. ഇന്ത്യയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതിയാണിത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്നും ജാവദേക്കര്‍ പറഞ്ഞു. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന്‍, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് രജനികാന്തിനെ തിരഞ്ഞെടുത്തത്. 

ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം ലഭിക്കുന്ന 12-ാമത്തെ നടനാണ് രജനീകാന്ത്. 1996-ല്‍ ശിവാജി ഗണേശന് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ദക്ഷിണേന്ത്യന്‍ നടന് പുരസ്‌കാരം ലഭിക്കുന്നത്.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹെബ് ഫാല്‍ക്കെയുടെ അനുസ്മരണാര്‍ത്ഥമാണ് ഈ പുരസ്‌കാരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തിന് നല്‍കപ്പെടുന്ന ആജീവനാന്ത സംഭാവനകള്‍ പരിഗണിച്ചാണ് 1969 മുതല്‍ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കുന്നത്. 

അതേസമയം, തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജനീകാന്തിന് പുരസ്‌കാരം നല്‍കിയതെന്നതും ശ്രദ്ധേയമാണ്. നേരത്തെ രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നു. തന്റെ രാഷ്ട്രീയം വ്യക്തമായി പ്രഖ്യാപിച്ചില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പലപ്പോഴും പ്രശംസിച്ചു രംഗത്തു വന്നിരുന്നു. 

ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി മത്സരിക്കാന്‍ തന്റെ ആരാധക കൂട്ടായ്മയായ രജനി രസികര്‍ മന്‍ട്രത്തെ രജനി പുനസംഘടിപ്പിച്ചിരുനനു. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ വരെ ബൂത്തും പ്രവര്‍ത്തകരും ഉള്ള രീതിയില്‍ രജനി ഒരു സംഘടനാ സംവിധാനം സജ്ജമാക്കിയെങ്കിലും  ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവസാന നിമിഷം രാഷ്ട്രീയപ്രവേശനം അദ്ദേഹം ഉപേക്ഷിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top