News Desk

2021-04-11 07:10:12 pm IST
ദുബൈ: റമദാന്‍ ആഗതമായതോടെ പള്ളികളില്‍ പ്രാര്‍ത്ഥക്കെത്തുന്നവര്‍ക്കുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ദുബൈ അധികൃതര്‍ പ്രഖ്യാപിച്ചു. ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് (ഐ.എ.സി.ഡി) ദുബൈ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നിവയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍:

* സമൂഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് റമദാന്‍ മാസത്തില്‍ പള്ളികള്‍ ദിവസവും അണുവിമുക്തമാക്കുക.

* മാസ്‌ക്ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ഉള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും പാലിക്കുക. പ്രാര്‍ത്ഥനയാക്കായി സ്വന്തം പ്രാര്‍ത്ഥന പായ കൊണ്ടുവരിക. സ്മാര്‍ട്ട് ഉപകരണങ്ങളിലൂടെ ഖുറാന്‍ വായിക്കുക. 

* പള്ളികളിലെ പ്രഭാഷണങ്ങളും സെമിനാറുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. എന്നാല്‍ ആരാധകര്‍ക്ക് വെര്‍ച്വലായി പ്രഭാഷണങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. റമദാനില്‍ വലിയ സമ്മേളനങ്ങള്‍ ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നിലവിലുണ്ട്.

* റമദാനിലെ അവസാന പത്ത് ദിവസങ്ങളില്‍ നടത്തുന്ന ഖിയാം-ഉല്‍-ലെയ്ല്‍ (രാത്രി വൈകിയുള്ള പ്രാര്‍ത്ഥന) സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ഐ.എ.സി.ഡി സ്ഥിതിഗതികള്‍ വിലയിരുത്തും. ഖിയാം-ഉല്‍-ലെയ്ല്‍ പ്രാര്‍ത്ഥന സംബന്ധിച്ച അറിയിപ്പ് പിന്നീട് അറിയിക്കുമെന്നും ഐ.എ.സി.ഡി വ്യക്തമാക്കി.

* ഇഫ്താര്‍ കൂടാരങ്ങള്‍ സംഘടിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ദുബൈയിലെ അംഗീകൃത ചാരിറ്റി ഓര്‍ഗനൈസേഷനുകള്‍ വഴി സംഭാവന നല്‍കണം. 

* പള്ളിയുടെ പ്രവേശന കവാടത്തില്‍ ഭക്ഷണമോ അല്ലെങ്കില്‍ ഫെയ്സ് മാസ്‌കുകള്‍ പോലുള്ള വസ്തുക്കളോ വിതരണം ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

* പള്ളികളിലെ ഇഷാ, തറാവീഹ് പ്രാര്‍ത്ഥനകളുടെ പരമാവധി ദൈര്‍ഘ്യം 30 മിനിറ്റാണ്. എല്ലാ പള്ളികളും പ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ അടയ്ക്കും.

* പ്രധാന പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാമത്തെ സഭാ പ്രാര്‍ത്ഥന നടത്തുകയോ ഒറ്റയ്ക്ക് പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. ആരാധകര്‍ തിരക്ക് ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

* വിട്ടുമാറാത്ത രോഗങ്ങളോ രോഗപ്രതിരോധ ശേഷി കുറവോ ഉള്ള ആളുകള്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തരുതെന്നും നിര്‍ദേശിക്കുന്നു. റമദാന്‍ മാസത്തില്‍ മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തീവ്രമായ പരിശോധന നടത്തുമെന്ന് ഐ.എ.സി.ഡി അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ പിഴകള്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top