2021-03-17 06:45:39 pm IST
ലോകത്തെയാകെ വിറപ്പിച്ച കൊവിഡ് മഹാമാരി ആരംഭിച്ചിട്ട് രണ്ട് വര്‍ഷമാവുകയാണ്. ഈ മഹാമാരിക്കാലത്തും പുണ്യ റമദാന് വേണ്ടി കാത്തിരിക്കുകയാണ് ഗള്‍ഫ് മേഖലയാകെ. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ അധികം ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും റമദാന്‍ മാസത്തെ വരവേല്‍ക്കുക. ഏപ്രില്‍ പകുതിയോടെയാണ് ഗള്‍ഫില്‍ റമദാന്‍ സംജാതമാവുക. കൃത്യമായി പറഞ്ഞാല്‍ കൊവിഡ് കാലത്തെ റമദാന്‍ വ്രതാരംഭത്തിന് ഇനി ഒരു മാസം മാത്രമേ ശേഷിക്കുന്നുള്ളൂ. കൊവിഡ് ഭീതി തുടരുന്നതിനാല്‍ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കിക്കൊണ്ട് മിക്ക രാജ്യങ്ങളും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.

ഒമാനില്‍ ഏപ്രില്‍ 14 ബുധനാഴ്ച റമദാന്‍ ആരംഭിക്കുമെന്ന് അവ്കാഫ് മതകാര്യ മന്ത്രാലയത്തിലെ ഹിജ്രി കലണ്ടര്‍ വിഭാഗം മേധാവി മസന്‍ അല്‍ മഫ്രാജി പ്രവചിച്ചു. ഇസ്ലാമിക് ദര്‍ശകന്റെ കണക്കുകൂട്ടലില്‍ റമദാന്‍ 30 ദിവസം നീണ്ടുനില്‍ക്കും. മെയ് 13 വ്യാഴാഴ്ച ഈദ് ഉല്‍ ഫിത്തര്‍ ആഘോഷിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ നിവാസികള്‍ക്ക് മെയ് 13 വ്യാഴാഴ്ച മുതല്‍ മെയ് 15 ശനിയാഴ്ച വരെ മൂന്ന് ദിവസത്തെ അവധി ആയിരിക്കും. അതേസമയം, ഗള്‍ഫില്‍ വിവിധയിടങ്ങളില്‍ വ്രത സമയത്തിന് വ്യത്യാസമുണ്ടാകുമെന്നാണ് ഇസ്ലാമിക് ദര്‍ശകന്‍ വ്യക്തമാക്കുന്നത്. 

കൊവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ റമദാനില്‍ ഇഫ്ത്താര്‍ ടെന്റുകള്‍ ഉണ്ടാവില്ലെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബ്ള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സമൂഹവ്യാപന സാധ്യത മുന്നില്‍ക്കണ്ട് എല്ലാ ഇഫ്ത്താര്‍ ടെന്റുകള്‍ക്കുമുള്ള അനുമതി റദ്ദാക്കിയിട്ടുണ്ട്. ഇഫ്ത്താര്‍ വേളയില്‍ തൊഴിലാളികള്‍ക്കും മറ്റുമായി ഒരുക്കുന്ന പ്രത്യേക ടെന്റുകളില്‍ ധാരാളം ആളുകള്‍ ഒരുമിച്ചുകൂടാനും അതുവഴി കൊവിഡിന്റെ സാമൂഹ്യവ്യാപനം ശക്തിപ്പെടാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് തീരുമാനമെന്നണ് അധികൃതര്‍ അറിയിച്ചത്. സാധാരണഗതിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനാളുകള്‍ ഇത്തരം ഇഫ്ത്താര്‍ ടെന്റുകളിലെത്തിയാണ് നോമ്പ് തുറക്കാറ്. എന്നാല്‍ നൂറുകണക്കിനാളുകള്‍ ഒരിടത്ത് ഒരുമിച്ചു കൂടി ഭക്ഷണം കഴിക്കുന്നത് കൊവിഡ് കാലത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. 

കൊവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ നടപ്പാക്കിയതോടെ വാക്‌സിനെടുക്കുന്നത് നോമ്പിനെ ബാധിക്കുമോയെന്ന ആശങ്കയും ഇതിനിടെ നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കൊവിഡിനെതിരെ വാക്‌സിന്‍ സ്വീകരിക്കുന്നത് നോമ്പ് മുറിയാന്‍ കാരണമാവില്ലെന്ന് വിവിധ മതകാര്യ മന്ത്രാലയങ്ങള്‍ അറിയിച്ചിട്ടുണ്ട്. റമദാന്‍ മാസത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നത് ഇസ്ലാംമത വിശ്വാസികളുടെ നോമ്പിനെ ബാധിക്കില്ലെന്ന് ഖത്തര്‍ അവ്കാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയം അറിയിച്ചു. പി.സി.ആര്‍ ടെസ്റ്റ് നടത്തിയാലും വാക്‌സിന്‍ സ്വീകരിച്ചാലും നോമ്പ് മുറിയില്ലെന്ന് അബുദാബി, ദുബൈ മതകാര്യ വിഭാഗങ്ങളും അറിയിച്ചിട്ടുണ്ട്. നോമ്പ് എടുത്തവര്‍ക്ക് വാക്സിന്‍ എടുക്കാനും പി.സി.ആര്‍ ടെസ്റ്റ് നടത്താനും അനുമതിയുണ്ടെന്ന് ഗ്രാന്‍ഡ് മുഫ്തിയും ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് മേധാവിയുമായ ഷെയ്ഖ് ഡോ. അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഹദ്ദാദ് പറഞ്ഞു.

ഇതിനിടെ റമദാന്‍ വിപണി നിയന്ത്രിക്കാന്‍ അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് ഏര്‍പ്പെടുത്തുമെന്ന് ഖത്തര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, വില്‍പന ശാലകളില്‍ കര്‍ശന പരിശോധന നടത്തും. റമദാന്‍ മാസത്തില്‍ അഞ്ഞൂറിലധികം ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കായി വാണിജ്യ ഔട്ട്‌ലെറ്റുകള്‍ വഴി നിയന്ത്രിത വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന മിക്ക സാധനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാവുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ജാസിം ബിന്‍ ജാബിര്‍ അല്‍ താനി വ്യക്തമാക്കി. പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വ്യപാര സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി കമേഴ്‌സ്യല്‍ ഔട്ട്‌ലെറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ എല്ലാവരും കാണുന്ന സ്ഥലത്ത് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നുമാണ് നിര്‍ദേശം.

അതേസമയം, കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ ഇഫ്താറുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതി നല്‍കാന്‍ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ പള്ളികള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ക്ക് അധികൃതര്‍ നിര്‍ബന്ധിതരായേക്കും. രാജ്യത്ത് നിലവില്‍ കര്‍ഫ്യൂ തുടരുകയാണ്. അതിനാല്‍ സര്‍ക്കാര്‍ അനുമതിയും നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വ്യക്തതയും വന്നതിന് ശേഷം മാത്രമാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം. 

കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നും രക്ഷതേടിയുള്ള പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ് ലോകം. ഇതിനിടെ ലോകമെങ്ങുമുള്ള മുസ്ലീങ്ങള്‍ വ്രതശുദ്ധിയുടെ നാളുകളിലേക്ക് പ്രവേശിക്കാന്‍ തയ്യാറായിരിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത കരുതലും ആശങ്കയും ഒപ്പം വിശ്വാസവും ചേര്‍ത്തു പിടിച്ച് വിശുദ്ധമാസം എത്തുമ്പോള്‍, നിലവിലുള്ള എല്ലാ പ്രതിസന്ധികളും മറികടക്കുമെന്നു തന്നെയാണ് ഏവരുടെയും പ്രതീക്ഷ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top