News Desk

2021-03-25 05:49:38 pm IST
മസ്‌കത്ത്: റമദാനും മൂല്യവര്‍ധിത നികുതിക്കും മുന്നോടിയായി വില വര്‍ധനവില്ലെന്ന് ഉറപ്പാക്കുന്നതിന് വിപണിയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. ഉപഭോക്തൃ അതോറിറ്റി ചെയര്‍മാന്‍ സുലൈം ബിന്‍ അലി അല്‍ ഹിക്മാനിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥാപനങ്ങള്‍ അന്യായമായി വില വര്‍ധിപ്പിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിലവര്‍ധനയില്ലെന്ന് ഉറപ്പാക്കുന്നതിനായി കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. സാധനങ്ങളുടെ വിലയടങ്ങിയ ഡേറ്റാബേസ് അടിസ്ഥാനമാക്കിയാകും നിരീക്ഷണം നടത്തുക.

കൂടാതെ  വില വര്‍ധനവിന് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. റമദാന് മുന്നോടിയായി അതോറിറ്റി ചെയര്‍മാന്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലെ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും ഉപഭോക്തൃ അതോറിറ്റി പുറത്തിറക്കിയ  വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വില നിലവാരം നിരീക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം.

അതേസമയം,  മൂല്യവര്‍ധിത നികുതി ബാധകമല്ലാത്ത ഉല്‍പന്നങ്ങളുടെ വില പ്രത്യേകം പരിശോധനാ വിധേയമാക്കും. കടകളും വാണിജ്യ കേന്ദ്രങ്ങളും പരിശോധിക്കാന്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കുമെന്നും  നിയമലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ കാള്‍ സെന്റര്‍, സമൂഹമാധ്യമ ചാനലുകള്‍ വഴി ഉപഭോക്താക്കള്‍ക്കും പരാതി നല്‍കാവുന്നതാണ്. സാധനങ്ങളുടെ വിലയും ഓഫറുകളും ഉപഭോക്താക്കള്‍ക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top