2021-04-12 03:42:05 pm IST
ദുബൈ: റമദാന്‍ മാസത്തില്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് പരിശോധന, വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. ഡി.എച്ച്.എക്കു കീഴിലെ ആശുപത്രികള്‍, ക്ലിനിക്കുകള്‍, കൊവിഡ് സ്‌ക്രീനിങ്, വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന സമയമാണ് പ്രഖ്യാപിച്ചത്.

മിക്ക കേന്ദ്രങ്ങളും രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചയോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന തരത്തിലാണ് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം,  കൊവിഡ് പരിശോധന കേന്ദ്രങ്ങളായ അല്‍ ബദ ആരോഗ്യകേന്ദ്രം, അല്‍ ഖവാനീജ് ആരോഗ്യകേന്ദ്രം, ദുബൈ മുനിസിപ്പാലിറ്റി ആരോഗ്യകേന്ദ്രം എന്നിവ റമദാനിലും  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.  

ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാത്രി ഒമ്പതു മുതല്‍ അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെയുള്ള സമയത്ത് കേന്ദ്രങ്ങളിലെത്തി വാക്‌സിനേഷന്‍ സ്വീകരിക്കാം. 

എന്നാല്‍ റമദാനിലെ അവാസന പത്ത് ദിവസങ്ങളില്‍ പകല്‍ സമയത്തുള്ള മണിക്കൂറുകളില്‍ മാത്രമായിരിക്കും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലെ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും ഷിഫ്റ്റ് സമയമനുസരിച്ച് പ്രവര്‍ത്തിക്കും. പതിവുപോലെ ജോലി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാറെ ഉറപ്പുവരുത്തും. എല്ലാ ഡി.എച്ച്.എ ആശുപത്രികളിലെയും അത്യാഹിത വിഭാഗങ്ങളും പ്രവര്‍ത്തനക്ഷമമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.    

ഡി.എച്ച്.എയുടെ നാദ് അല്‍ ഹമര്‍, അല്‍ ബര്‍ഷ, എയര്‍പോര്‍ട്ട് മെഡിക്കല്‍ സെന്റര്‍ തുടങ്ങിയ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ എല്ലാ ദിവസവും പ്രവര്‍ത്തിക്കും.  മറ്റെല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും രാവിലെ ഒമ്പതു മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നുവരെയും രാത്രി എട്ടു മുതല്‍ രാത്രി 11 വരെയും തുറന്നിരിക്കും. ബേബി, മെറ്റേണിറ്റി കേന്ദ്രമായ അല്‍ മംസര്‍ ആരോഗ്യകേന്ദ്രം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെ പ്രവര്‍ത്തിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top