News Desk

2021-02-04 02:36:42 pm IST
തിരുവനന്തപുരം: സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതിനെതിരെയുള്ള വിവാദം ശക്തിപ്പെടുന്നു.

ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണം. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ് ശശികുമാറും സെക്രട്ടറി എം. ഷാജിര്‍ഖാനും ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

പരാതികളെ തുടര്‍ന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഷഹാന ഷംസീറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയതു വിവാദമായിരിക്കുന്നത്. ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യയനപരിചയവുമുള്ള ഉദ്യോഗാര്‍ഥികളെ
ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയതെന്നു പരാതിയില്‍ പറയുന്നു.

സര്‍ക്കാര്‍ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ രാജേഷിന്റെ ഭാര്യക്ക് 212-ാം റാങ്കാണു ലഭിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ, സംസ്‌കൃത സര്‍വകലാശാലയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളെ മറികടന്നാണ് രാജേഷിന്റെ ഭാര്യക്ക് ഒന്നാം റാങ്ക് നല്‍കിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top