News Desk

2021-05-19 08:14:16 pm IST


മിഷിഗന്‍: ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ടിന് പിന്തുണ നല്‍കുന്ന ഭരണകൂടത്തിന്റെ നയത്തിനെതിരെ പ്രസിഡന്റ് ജോ ബൈഡനോട് നേരിട്ട് കയര്‍ത്ത് യു.എസ് കോണ്‍ഗ്രസ് അംഗം റാഷിദ ത്‌ലൈബ്. റാഷിദ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന മിഷിഗണിനടുത്ത് ബൈഡന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

ഇസ്രായേലിന് ഏകപക്ഷീയമായി തുടരുന്ന പിന്തുണയെ രൂക്ഷമായി വിമര്‍ശിച്ച അവര്‍ ഫലസ്തീന്‍ ജീവനുകള്‍ രക്ഷിക്കാന്‍ കാര്യമായി ഇടപെടണമെന്ന് ബൈഡനോട് ആവശ്യപ്പെട്ടു. ഡിയര്‍ബോണിനടുത്തുള്ള ഫോര്‍ഡിന്റെ ഫാക്ടറി സന്ദര്‍ശിക്കാനായി ദിട്രോയിറ്റ് വിമാനത്താവളത്തിലിറങ്ങിയതായിരുന്നു ബൈഡന്‍. 

ഇവിടെ നേരിട്ടെത്തിയ റാഷിദ ഭരണകൂടത്തിന്റെ നിലപാട് ശരിയല്ലെന്ന് പ്രസിഡിന്റിനോട് വ്യക്തമാക്കി. ഏകദേശം എട്ടു മിനിറ്റോളം ഇവര്‍ തമ്മിലുള്ള സംഭാഷണം തുടര്‍ന്നുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഫലസ്തീന്‍ മനുഷ്യാവകാശം ഒരു വിലപേശല്‍ വസ്തുവല്ല. ചര്‍ച്ചയല്ല വേണ്ടത്. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ഫലസ്തീനികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്താന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ഭരണകൂടത്തിന് വര്‍ഷാവര്‍ഷം ഇങ്ങനെ യു.എസ് ശതകോടികള്‍ നല്‍കുന്നത് ശരിയല്ല. സ്‌കൂളുകള്‍ തകര്‍ക്കുന്നതടക്കമുള്ള അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാവില്ല.', റാഷിദ ബൈഡനോട് വ്യക്തമാക്കി.

തുടര്‍ന്ന് ഫോര്‍ഡ് പ്ലാന്റില്‍ നടത്തിയ സംസാരത്തില്‍ ബൈഡന്‍ റാഷിദ ത്ലൈബിനെ പ്രശംസിച്ചു. മനുഷ്യാവകാശത്തെക്കുറിച്ചുള്ള ആശങ്ക അഭിനന്ദാര്‍ഹമാണെന്ന് ബൈഡന്‍ പറഞ്ഞു. 

''മറ്റു മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ കാണിക്കുന്ന ഈ ശ്രദ്ധയെ അഭിനന്ദിക്കുന്നു. നിങ്ങളുടെ മുത്തശ്ശിയും കുടുംബവും സുഖമായിരിക്കാന്‍ വേണ്ടി ഹൃദയം തൊട്ട് പ്രാര്‍ത്ഥിക്കുന്നു. അവര്‍ വെസ്റ്റ് ബാങ്കില്‍ സുരക്ഷിതമായിരിക്കാന്‍ വേണ്ടതെല്ലാം ഞാന്‍ ചെയ്യും. നിങ്ങളൊരു പോരാളിയാണ്. ഇങ്ങനെയൊരു പോരാളിയായതില്‍ നിങ്ങളെ അഭിനന്ദിക്കുകയാണ്.'', ബൈഡന്‍ പ്രതികരിച്ചു.

യു.എസിലെ ആദ്യത്തെ ഫലസ്തീന്‍ വംശജയായ കോണ്‍ഗ്രസ് അംഗമാണ് റാഷിദ ത്ലൈബ്. റാഷിദ പ്രതിനിധീകരിക്കുന്ന മിഷിഗണനില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഡിയര്‍ബോണ്‍. അറബ് അമേരിക്കന്‍ ജനങ്ങള്‍ കൂടുതലുള്ള പ്രദേശമാണിത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഇസ്രായേല്‍ നരഹത്യയില്‍ പ്രതിഷേധിച്ചും വലിയ പ്രകടന പരിപാടികളാണ് ഇവിടെ ഏതാനും ദിവസങ്ങളായി നടന്നുവരുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top