News Desk

2021-05-19 04:37:18 pm IST
ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ കാല്‍പാദവും കാല്‍വിരലുകളും പാദവും എലി കരണ്ടു. പ്രിയങ്ക-കിഷന്‍ ദൈമ ദമ്പതികളുടെ കുട്ടിയെയാണ് എലി കടിച്ചത്. മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലെ പ്രസവവാര്‍ഡിലാണ് ദാരുണ സംഭവമുണ്ടായത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുട്ടി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. വാര്‍ത്താ ഏജന്‍സികളായ എ.എന്‍.ഐ, പി.ടി.ഐ എന്നിവരാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. 
 
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഭാര്യ കുഞ്ഞിനെ മുലയൂട്ടാന്‍ പോയി. അപ്പോഴാണ് കുഞ്ഞിനെ എലി കടിക്കുന്നത് കണ്ടത്. ഇപ്പോള്‍ കുഞ്ഞിന് കാല്‍വിരലുകള്‍ ഇല്ല. ഉടന്‍ തന്നെ അധികൃതരെ അറിയിച്ചു. എന്നാല്‍ മുറിവ് കെട്ടുക മാത്രമാണ് ചെയ്തത്, -കിഷന്‍ പറയുന്നു. സംഭവം ആദ്യം അവഗണിച്ചെങ്കിലും വാര്‍ത്തയായതോടെ അധികൃതര്‍ നഴ്സുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തു. നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. രണ്ട് ശുചീകരണ തൊഴിലാളികള്‍ എന്നിവരെ പുറത്താക്കി. സുരക്ഷാ ചുമതലുള്ള സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ് താക്കൂര്‍ പറഞ്ഞു. കുട്ടി ഇപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കീഴില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലക്ക് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top