News Desk

2021-03-18 05:32:58 pm IST

ദോഹ: കൊവിഡ് മുക്തരായ ആളുകള്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. താല്‍പ്പര്യമുള്ളവര്‍ക്ക് രക്തത്തിലെ പ്ലാസ്മ ദാനം ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചു. 

കൊവിഡ് മുക്തരായവരുടെ പ്ലാസ്മ എടുത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുമെന്ന് മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു. ഇത്തരത്തിലുള്ള കോണ്‍വെലെസെന്റ് പ്ലാസ്മ തെറപ്പി ഖത്തര്‍ നടത്തുന്നുണ്ട്. 

രോഗിയുടെ ശരീരത്തില്‍ സുഗമമായ രക്തപ്രവാഹത്തിനും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പ്ലാസ്മ തെറപ്പിക്കാവും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ കമ്യൂണിക്കബിള്‍ ഡിസീസ് സെന്ററിലാണ് പ്ലാസ്മ ഡൊണേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

പകര്‍ച്ചവ്യാധികള്‍ക്കെതിരായ ആന്റിബോഡികള്‍ അടങ്ങിയിരിക്കുന്ന രക്തത്തിന്റെ ദ്രാവക ഭാഗമാണ് പ്ലാസ്മ. ഇത് നിലവില്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകിച്ച് രോഗ പ്രതിരോധ ശേഷി കുറഞ്ഞവരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു.

പൂര്‍ണമായും കൊവിഡ് മുക്തരായവരക്കാന് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയുക. ചികിത്സക്ക് ശേഷം  കൊവിഡ് മുക്തരാണെന്ന നെഗറ്റീവ് പരിശോധനാ ഫലം ലഭിച്ച് 14 ദിവസത്തിന് ശേഷം പ്ലാസ്മ ദാനം ചെയ്യാം. ശരീരഭാരം 50 കിലോയില്‍ കുറയാന്‍ പാടില്ല. 18 വയസ്സിന് മുകളിലുള്ളവരായിരിക്കണം. 

പ്ലാസ്മ ദാനം ചെയ്യുന്നതിന് മുമ്പായി ശരീരത്തിന് നല്ല വിശ്രമവും നല്ല ഉറക്കവും പ്രധാനമാണ്. വ്യക്തിയുടെ സുരക്ഷ ഉറപ്പാക്കി വിദഗ്ധ പരിശീലനം നേടിയവരാണ് പ്ലാസ്മ എടുക്കുന്നത്. പൂര്‍ണമായും സുരക്ഷിതവും വേദനാരഹിതവുമാണ് നടപടിക്രമങ്ങളും.

പ്ലാസ്മ ദാനം ചെയ്യാന്‍ താല്‍പര്യമുള്ള കൊവിഡ് മുക്തരായവര്‍ക്ക് 4025 4003 എന്ന നമ്പറില്‍ കമ്യൂണിക്കബിള്‍ ഡീസീസ് സെന്റര്‍ അധികൃതരെ ബന്ധപ്പെടാം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top