News Desk

2021-06-03 06:26:11 pm IST
മുംബൈ: കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ധനസഹായവും മറ്റു സഹായ പദ്ധതികളും  പ്രഖ്യാപിച്ച് റിലയന്‍സ.  മരണമടഞ്ഞ ജിവനക്കാരന്‍ അവസാനമായി വാങ്ങിയ മാസ ശമ്പളം ആശ്രിതര്‍ക്ക് അഞ്ചു വര്‍ഷം  നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വീ കെയര്‍ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ശമ്പളം നല്‍കുന്നത്. 

റിലയന്‍സ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനിയും ഇക്കാര്യം അറിയിച്ചത്. കൊവിഡ് മൂലം ചില ജീവനക്കാര്‍ മരണപ്പെട്ടിട്ടുണ്ടെന്നും അവരുടെ  കുടുംബങ്ങളെ സഹായിക്കുകയെന്നത് റിലയന്‍സ് കുടുംബത്തിന്റെ കടമയാണെന്നും ഇരുവരും അയച്ച കത്തില്‍ പറയുന്നു. റിലയന്‍സ് ഫൗണ്ടേഷനാണ് ധനസഹായം നല്‍കുക. 

മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷന്‍ ഫീ, ഇന്ത്യയിലെ ഹോസ്റ്റല്‍ താമസം, ബുക്കുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക. ജീവനക്കാരുടെ ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് ആരോഗ്യപരിരക്ഷയും പ്രഖ്യാപിച്ചു. കുട്ടികള്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്നതു വരെ പരിരക്ഷയുണ്ടാകും. ശാരീരികയമായും മാനസികമായും മുക്തമാകുന്നതുവരെ കൊവിഡ് ബാധിച്ച ജീവനക്കാര്‍ക്ക് അവധിയുണ്ടാകും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top