News Desk

2021-05-24 10:41:50 pm IST
കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ ചേര്‍ത്തുനിര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്ന് നടന്‍ സലിം കുമാര്‍. ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്. ലക്ഷദ്വീപിലെ ആള്‍ക്കാരെ സംരക്ഷിക്കണം, ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കണമെന്നുമാണ് സലിം കുമാര്‍ എഴുതിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം, 

''അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു,
ഞാന്‍ ഭയപ്പെട്ടില്ല, കാരണം ഞാനൊരു സോഷ്യലിസ്റ്റ് അല്ല.
പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു
അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു തൊഴിലാളി അല്ല.
പിന്നീടവര്‍ ജൂതന്‍മാരെ തേടി വന്നു.
അപ്പോഴും ഞാന്‍ ഭയപ്പെട്ടില്ല,
കാരണം ഞാനൊരു ജൂതനായിരുന്നില്ല.
ഒടുവില്‍ അവര്‍ എന്നെ തേടി വന്നു.
അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല.''

ഇത് പാസ്റ്റര്‍ മാര്‍ട്ടിന്‍ നിമോളറുടെ ലോക പ്രശസ്തമായ വാക്കുകളാണ്. ഈ വാചകങ്ങള്‍ ഇവിടെ പ്രതിപാദിക്കാനുള്ള കാരണം ലക്ഷദ്വീപ് ജനതയുടെ അസ്തിത്വവും  സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, അതിനേറെ പ്രസക്തി ഉള്ളതുകൊണ്ടാണ്.

ജീവിതത്തിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ ആവിശ്യങ്ങള്‍ക്കും കേരളത്തെ ആശ്രയിച്ചു ജീവിക്കുന്ന നിഷ്‌കളങ്കരായ ആ ദ്വീപ് നിവാസികളെ ചേര്‍ത്ത് പിടിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ചേര്‍ത്ത് നിര്‍ത്താം, അവര്‍ക്ക് വേണ്ടി പ്രതികരിക്കാം. അത് നമ്മളുടെ കടമയാണ്, കാരണം ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല എന്നോര്‍ക്കുക.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top