News Desk

2021-04-10 09:23:37 pm IST
ദോഹ: 2022 ഫിഫ ലോകകപ്പ് ബഹഷ്‌കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ചില മാധ്യമങ്ങള്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതായി സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസിലെ മീഡിയ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷെയ്ഖ് തമര്‍ ബിന്‍ ഹമദ് അല്‍താനി. ഫ്രഞ്ച് പത്രമായ ലെ ഫിഗാരോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.    

രാജ്യത്തെ തൊഴില്‍ നിയമം പരിഷ്‌കരിച്ചതോ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് ഖത്തര്‍ സംരക്ഷണം നല്‍കുന്നതോ അല്ല ഇത്തരം മാധ്യമങ്ങള്‍ കാണുന്നതെന്നും സമൂഹത്തില്‍ തെറ്റിദ്ധാരണകള്‍ പടര്‍ത്തുന്നതിലാണ് അവരുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിനോടനുബന്ധിച്ച് സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ 6,500 തൊഴിലാളികള്‍ ഖത്തറില്‍ മരണപ്പെട്ടിട്ടുണ്ടെന്ന 'ദി ഗാര്‍ഡിയന്‍' പത്രത്തിന്റെ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും തമര്‍ ബിന്‍ ഹമദ് അല്‍താനി ചൂണ്ടിക്കാട്ടി. 

ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെയുണ്ടായ മരണ സംഖ്യയാണിതെന്നും ഇവര്‍ എല്ലാവരും നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്നവര്‍ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഖത്തറില്‍ 1.4 മില്യണിലധികം പ്രവാസികളാണുള്ളതെന്നും അവരില്‍ 20 ശതമാനം പേര്‍ മാത്രമാണ് നിര്‍മ്മാണ തൊഴിലാളികളായി ജോലി ചെയ്യുന്നതെന്നും തമര്‍ ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു. ഇതില്‍ 2014നും 2019 നും ഇടയില്‍ 10 ശതമാനത്തില്‍ താഴെ പേര്‍ മാത്രമേ മരണപ്പെട്ടിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തെ ജനങ്ങളെ പ്രവാസിളെന്നോ സ്വദേശികളെന്നോ വിവേചനത്തോടെ അധികൃതര്‍ കാണുന്നില്ലെന്നും രാജ്യം പ്രവാസികള്‍ക്കായി നടപ്പാക്കുന്ന പല പദ്ധതികളില്‍ നിന്നും വിദേശികളോട് ഖത്തര്‍ അധികൃതര്‍ക്കുള്ള മനോഭാവം മനസിലാക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH



Top