News Desk

2021-03-19 09:30:55 pm IST

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതില്‍ നിന്ന് വാട്‌സ്ആപ്പിനെ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. 2011-ലെ ഐ.ടി ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.

ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കിടുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉടലെടുത്തതോടെ വാട്‌സ്ആപ്പിന് യൂസര്‍മാരില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. പലരും സിഗ്‌നല്‍, ടെലിഗ്രാം പോലുള്ള ആപ്പുകളിലേക്ക് ചേക്കേറിയാണ് പ്രതിഷേധമറിയിച്ചത്.

നേരത്തെ, സ്വകാര്യതനയത്തിലെ മാറ്റങ്ങള്‍ പിന്‍വലിക്കണമെന്ന് വാട്‌സ്ആപ്പിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യതാ നയത്തില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ സ്വീകാര്യമല്ലെന്നും മാറ്റങ്ങളില്‍ വിശദീകരണം നല്‍കണമെന്നുമായിരുന്നു വാട്‌സ്ആപ്പിനയച്ച കത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 

എന്നാല്‍, തങ്ങളുടെ പ്രഖ്യാപനവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ് വാട്‌സ്ആപ്പ്. അതിന്റെ ഭാഗമായി പ്രൈവസി പോളിസി അംഗീകരിക്കാത്തവര്‍ക്ക് മെയ് 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷവും സമ്മതമറിയിച്ചില്ലെങ്കില്‍ വാട്‌സ്ആപ്പ് സേവനം രദ്ദാക്കും എന്നാണ് മുന്നറിയിപ്പ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top