News Desk

2022-03-24 05:01:40 pm IST
ലസ് വേഗസ്: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ആയിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായി ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലസ് വേഗസിലാണ് സംഭവം. 

21 വയസുകാരിയായ നിക നികോബിന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. ഡേറ്റിംഗ് ആപ്പ് ആയ പ്ലെന്റ്റി ഓഫ് ഫിഷ് എന്ന സൈറ്റ് വഴി പരിചയപ്പെട്ട യുവാവുമായി സണ്‍സെറ്റ് സ്റ്റേഷന്‍ എന്ന ഹോട്ടലിലെത്തിയ യുവതി അവിടെ വെച്ച് യുവാവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു.

തുര്‍ന്ന് യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷം യുവതി കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകം നടത്താന്‍ ലക്ഷ്യമിട്ട് കത്തിയുമായാണ് യുവതി ഹോട്ടലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴുത്തില്‍ രണ്ടിടങ്ങളിലായാണ് യുവാവിന് കത്തികൊണ്ടുള്ള മുറിവേറ്റത്. കുത്തേറ്റ യുവാവ് ഉടന്‍ തന്നെ യുവതിയെ തള്ളിമാറ്റി പൊലീസ് സഹായത്തിനായി 911ല്‍ വിളിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രണ്ട് തവണ കുത്തിയ ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ നിക, താന്‍ ഒരാളെ കുത്തിയതായി ഹോട്ടലിലെ ഒരു ജീവനക്കാരനോട് പറയുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് യുവതി കൊലപാതക ശ്രമത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിയത്. 

ഇറാന്റെ സേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോറിലെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന്റെ മേല്‍ പ്രതികാരം ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെടെ അനീതികള്‍ സംഭവിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞതായി പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

2020ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ സേന ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വാഹന വ്യൂഹം ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടന്‍ എം.ക്യൂ- 9 ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു അമേരിക്കന്‍ സേന അദ്ദേഹത്തെ വധിച്ചത്.

അതേസമയം, യുവാവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും അദ്ദേഹത്തെ വേദനിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും യുവതി പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 'ഗ്രേവ് ഡിഗ്ഗര്‍' എന്ന സംഗീത ആല്‍ബത്തില്‍ നിന്നാണ് തനിക്ക് പ്രതികാരം ചെയ്യണമെന്ന ആഗ്രഹം തോന്നിയതെന്നും അവര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top