News Desk

2021-04-05 11:30:42 am IST
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധയില്‍ ഞെട്ടിക്കുന്ന വര്‍ധന. രാജ്യത്ത് ഇതാദ്യമായി പ്രതിദിന കൊവിഡ് കണക്ക് ഒരു ലക്ഷം കടന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയര്‍ന്നു. 7,41,830 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. പുതിയതായി രാജ്യത്ത് 478 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 1,65,101 ആയി ഉയര്‍ന്നു. 

52,847 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ 1,16,82,136 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. നിലവില്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 7,91,05,163 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് രൂക്ഷമായി വ്യാപിച്ച സെപ്റ്റംബര്‍ മാസത്തില്‍ പോലും പ്രതിദിന കണക്ക് ഒരു ലക്ഷം കടന്നിരുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പും  പ്രചാരണവും ആയതിനാല്‍ വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളില്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top