News Desk

2021-03-02 05:21:51 pm IST

ദുബൈ: ദുബൈയില്‍ മോഷണം നടത്തിയ ആഫ്രിക്കന്‍ പൗരന്‍ അറസ്റ്റില്‍. 22 വയസുള്ള നൈജീരിയക്കാരനായ മോഷ്ടാവാണ് പിടിയിലായത്. ദുബൈ ഹോര്‍ അല്‍ അന്‍സിലായിരുന്നു സംഭവം.

കവര്‍ച്ച നടത്തിയതിനു ശേഷം മറന്നുവെച്ച സൈക്കിള്‍ എടുക്കാന്‍ കവര്‍ച്ച സ്ഥലത്ത് എത്തിയപ്പോഴാണ് യുവാവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

രാത്രിയില്‍ നടന്നുപോവുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം പിടിച്ചുനിര്‍ത്തി കത്തികാണിച്ച് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പഴ്‌സിലുണ്ടായിരുന്ന 970 ദിര്‍ഹം, ഐഫോണ്‍ എന്നിവ കവര്‍ച്ച ചെയ്യുകയായിരുന്നു. 

തുടര്‍ന്ന് രക്ഷപ്പെട്ട ഇവരിലൊരാള്‍ താന്‍ വന്ന സൈക്കിള്‍ എടുക്കാന്‍ മറന്നുപോയിരുന്നു. നിമിഷങ്ങള്‍ക്കകം സൈക്കിളെടുക്കാനെത്തിയപ്പോള്‍ കവര്‍ച്ചക്കിരയായ വ്യക്തിയും മറ്റു ചിലരും ചേര്‍ന്നു വളഞ്ഞിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതിയും കൂട്ടുകാരും കവര്‍ച്ചയും പിടിച്ചുപറിയും ആസൂത്രണം ചെയ്താണ് ഹോര്‍ അല്‍ അന്‍സിലെത്തിയതെന്നു പൊലീസ് പറഞ്ഞു.

സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു താനെന്ന് കവര്‍ച്ചയ്ക്ക് ഇരയായ യുവാവ് പറഞ്ഞു. വെളിച്ചമില്ലാത്ത സ്ഥലത്തെത്തിയപ്പോള്‍ മൂന്നംഗ സംഘം മുന്നില്‍ച്ചാടി കത്തികാണിച്ച് കവര്‍ച്ചനടത്തുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു.

കവര്‍ച്ചക്കാര്‍ എത്തിയ സൈക്കിളുകളിലൊന്ന് എടുക്കാന്‍ മറന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ യുവാവ് തൊട്ടടുത്തുള്ള ചില പരിചയക്കാരോടു കാര്യം പറഞ്ഞു. പ്രതികള്‍ സൈക്കിളെടുക്കാന്‍ തിരിച്ചെത്തിയതോടെ ആളുകള്‍ ഓടിക്കൂടി പിടികൂടുകയായിരുന്നു. പ്രതികരിലൊരാല്‍ ഓടി രക്ഷപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top