News Desk

2022-01-15 07:38:45 pm IST
ഹൈദരാബാദ്: 50 കോടിയുടെ വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ സംഘത്തെ ഹൈദരാബാദ് പിടികൂടി പൊലീസ്. ഇവര്‍ പണം തട്ടാനായി പേയ്‌മെന്റ് ഗേറ്റ്വേകളില്‍ കൃത്രിമം നടത്തി. യു.കെ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരാണ് പ്രധാനമായും ഇവരുടെ തട്ടിപ്പിന് ഇരയായത്. 

ഡല്‍ഹി സ്വദേശികളായ നവീന്‍ ഭട്ട്, മോഹിത്, മോനു എന്നിവരും ഹൈദരാബാദുകാരായ നാഗരാജു, ശ്രാവണ്‍ കുമാര്‍, പവന്‍, ശ്രീനിവാസ റാവു എന്നിവരുമാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അതേസമയം, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വിശദമായ പരിശോധനയില്‍ മാത്രമേ തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണം തട്ടാനായി വ്യാജ വെബ്‌സൈറ്റുകളും ടോള്‍ ഫ്രീ നമ്പറും ഇവര്‍ ഉണ്ടാക്കിയെന്ന് പൊലീസ് പറയുന്നു. ഇതിനായി ഡല്‍ഹി, ഗാസിയാബാദ്, മൊഹാലി എന്നിവിടങ്ങളില്‍ കാള്‍ സെന്ററുകളും സ്ഥാപിച്ചിരുന്നു. ഇ-കോമേഴ്‌സ് സേവനങ്ങള്‍ നല്‍കുമെന്ന് വെബ്‌സൈറ്റുകളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. 

ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയും എസ്.എം.എസുകളിലൂടെയുമാണ് വിവിധ രാജ്യങ്ങളിലുള്ളവരുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നത്. ചിലരോട് ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്നവരാണെന്ന് അറിയിച്ച് ഫോണിലൂടേയും ബന്ധപ്പെട്ടു. ഇവരില്‍ നിന്ന് തന്ത്രപൂര്‍വം വിവരങ്ങള്‍ ശേഖരിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top