News Desk

2021-03-16 05:59:31 pm IST

ചെങ്ങന്നൂര്‍: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയ്ക്കും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുന്‍ പത്രാധിപരുമായ ആര്‍. ബാലശങ്കര്‍. 

ചെങ്ങന്നൂരില്‍ തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തില്‍ ബി.ജെ.പിക്ക് ഒരു വിജയസാധ്യത ഉണ്ടാവില്ലെന്നും ബാലശങ്കര്‍ തുറന്നടിച്ചു. 

പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും കേരളത്തിലെ നേതാക്കള്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയതെന്നും ബാലശങ്കര്‍ പറഞ്ഞു. 

തനിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും അനുയോജ്യ സ്ഥാനാര്‍ഥിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സീറ്റ് നല്‍കിയ സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അപ്രസക്തരാണെന്നും അദ്ദേഹം ആരോപിച്ചു.

കോന്നിയിലെ സി.പി.ഐ.എമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണ് തന്നെ ബി.ജെ.പി ഒഴിവാക്കിയതെന്നും ബാലശങ്കര്‍ ആരോപിക്കുന്നു. എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ക്രിസ്ത്യന്‍ വിഭാഗവും ഒരു പോലെ തന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top