News Desk

2021-03-31 11:24:31 pm IST
മോസ്‌കോ: മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള കൊവിഡ് വാക്സിന്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്ന രാജ്യമായി റഷ്യ. കാര്‍ണിയാക്-കോവ് എന്ന വാക്സിന്റെ പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി പിന്നിട്ടിരിക്കുന്നുവെന്നാണ് റഷ്യ അറിയിക്കുന്നത്. 

ഏപ്രില്‍ മുതല്‍ വാക്സിന്‍ വലിയ തോതില്‍ ഉല്‍പാദിപ്പിച്ചെടുക്കാനാണ് ഇപ്പോഴത്തെ നീക്കം. പട്ടി, പൂച്ച, കുറുക്കന്‍, നീര്‍നായ തുടങ്ങി മനുഷ്യരുമായി എപ്പോഴും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിവരുന്ന മൃഗങ്ങളിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ഇവയിലെല്ലാം തന്നെ വൈറസിനെതിരെ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ വാക്സിന്‍ ഫലപ്രദമായി സഹായിച്ചുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. 

മൃഗങ്ങളിലെത്തുന്ന കൊവിഡ് അവിടെ വച്ച് മാറ്റത്തിന് വിധേയമായി വീണ്ടും മനുഷ്യരിലേക്ക് പകരുന്ന സാഹചര്യമുണ്ടായാല്‍ അത് സ്ഥിതിഗതികളെ കൂടുതല്‍ മോശമാക്കുമെന്ന് നേരത്തേ പല പഠനങ്ങളും നിരീക്ഷിച്ചിരുന്നു. 

ലോകാരോഗ്യ സംഘടനയും ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവില്‍ ലഭ്യമായ വാക്സിനുകള്‍ക്ക് ഇത്തരത്തില്‍ മാറ്റത്തിന് വിധേയമായ വൈറസിനെ ചെറുക്കാനാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ റഷ്യയുടെ ഈ നീക്കം സ്വാഗതാര്‍ഹമാണെന്ന തരത്തിലാണ് പൊതുവേ ശാസ്ത്രലോകം വിലയിരുത്തുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top