News Desk

2021-06-25 02:22:05 pm IST
മോസ്‌കോ: ക്രിമിയയുടെ തീരത്ത് ബ്രിട്ടീഷ് നാവിക സേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി റഷ്യ. 

ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചു വരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തി മേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.

റഷ്യയുടെ ഭാഗത്ത് നിന്നും ബിട്ടന്റെ നാവികക്കപ്പലായ എച്ച്.എം.എസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു.  20 ലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണ സേനാകപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് അപകടകരമായ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചു വരുത്തി റഷ്യ ശകാരിച്ചു. അതേസമയം, ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ ബ്രിട്ടന്‍ മാനിക്കണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്ക്  ബോംബിടേണ്ടി വരുമെന്ന് വിദേശകാര്യ സഹമന്ത്രി സെര്‍ഗെ റ്യായ്കോബ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH






Top