News Desk

2021-03-06 06:56:14 pm IST
പൂനെ: കൊവിഡ് പശ്ചാത്തലത്തില്‍ സലൂണുകള്‍ക്കും ബ്യൂട്ടി പാര്‍ലറുകള്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ വന്നതോടെ പലരും വീടുകളില്‍ തന്നെയിരുന്ന് മുടിവെട്ടല്‍ പരീക്ഷണങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരായി. 

എന്നാല്‍ ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം സലൂണുകള്‍ തുറന്നെങ്കിലും കച്ചവടം തീരെ കുറവാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ നേരിടാം എന്നുള്ള പുതിയ ചിന്തയില്‍ നിന്നും പുത്തന്‍ പരീക്ഷണം നടത്തി ശ്രദ്ധേയമാവുകയാണ് പൂനെയിലെ ഒരു സലൂണ്‍.

ഇവിടെ സ്വര്‍ണത്തില്‍ പൊതിഞ്ഞ ഷേവിങ് റേസര്‍ ഉപയോഗിച്ചാണ് ഷേവ് ചെയ്യുന്നത്. ലോക്ക്ഡൗണിന് ശേഷം തന്റെ സലൂണിലേയ്ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ റേസര്‍ ആണ് ഉടമയായ അവിനാശ് ബോറുണ്ടിയ അവതരിപ്പിച്ചത്.

ഏകദേശം 80 ഗ്രാം സ്വര്‍ണ്ണം പൂശിയാണ് റേസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് മൂലം മാസങ്ങളോളം അടഞ്ഞുകിടന്ന കട തുറന്നെങ്കിലും ഉപഭോക്താക്കള്‍ കുറവായിരുന്നുവെന്ന് അവിനാശ് പറയുന്നു.

കച്ചവടം വര്‍ധിപ്പിക്കാനുള്ള മാര്‍ഗത്തെപ്പറ്റി ചിന്തിക്കുന്നതിനിടെയാണ് വളരെ കൗതുകകരമായ ഇത്തരമൊരു ആശയത്തിലേയ്ക്ക് അവിനാശ് എത്തിയത്. സ്വര്‍ണ റേസര്‍ ആണെങ്കിലും ഇതുപയോഗിച്ച് ഷേവ് ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് വെറും 100 രൂപ മാത്രമാണ് ഈടാക്കുന്നത്. 

അതേസമയം, സ്വര്‍ണം കൊണ്ടുളള ഷേവിങ് റേസര്‍ ഉപയോഗിച്ച് ഷേവ് ചെയ്യുമ്പോള്‍ പ്രത്യേക അനുഭവമാണെന്നാണ് കടയില്‍ വരുന്നവര്‍ പറയുന്നതെന്ന് അവിനാശ് പറയുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top