News Desk

2021-04-19 10:51:58 am IST


കൊച്ചി: എറണാകുളം മുട്ടാര്‍ പുഴയില്‍ 13 വയസ്സുകാരി വൈഗ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പിതാവ് സനുമോഹന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വൈഗയെ കൊലപ്പെടുത്തിയതാണെന്ന സനു മോഹന്റെ കുറ്റസമ്മതത്തിന് പിന്നാലെയാണ് നടപടി.

മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നു സനുമോഹന്‍ പറഞ്ഞു. മകളെ ആദ്യം പുഴയിലേക്ക് എറിഞ്ഞു. എന്നാല്‍ തനിക്ക് ചാടാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന്‍ മൊഴി നല്‍കി. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. 

വൈഗയെ ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ തുടര്‍ന്ന് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് പുഴയിലേയ്ക്ക് എറിഞ്ഞത് എന്നാണ് സനുമോഹന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്.  

തനിയെ മരിച്ചാല്‍ മകള്‍ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മയെ അമ്മയുടെ വീട്ടുകാര്‍ നോക്കിക്കോളുമെന്ന് പറഞ്ഞു. പൊട്ടിക്കരഞ്ഞ് ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേര്‍ത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നത് വരെ അങ്ങനെ ചെയ്തു.

വൈഗയുടെ മൂക്കില്‍ നിന്ന് രക്തം ഒഴുകി. ഇത് ബെഡ് ഷീറ്റ് ഉപയോഗിച്ച് തുടച്ചു. തുടര്‍ന്ന് മകളെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് കാറില്‍ കിടത്തി. മകളുമായി മുട്ടാര്‍ പുഴയുടെ കല്‍ക്കെട്ടിലെത്തി. വൈഗയെ കൈയിലെടുത്ത് പുഴയിലേക്ക് എറിഞ്ഞു. മരിച്ചെന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്നാല്‍ ഭയം കാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ല. തുടര്‍ന്ന് ബാംഗ്ലൂരും ഗോവയിലും മൂകാംബികയിലും പോയി. കൈയ്യിലുണ്ടായിരുന്ന പണം പനാജിയില്‍ ചൂതുകളിച്ച് കളഞ്ഞു. ഒളിവില്‍ പോയതല്ല മരിക്കാന്‍ പോയതാണ്. യാത്രക്കിടെ പലതവണ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസിനോട് സനു മോഹന്‍ പറഞ്ഞു.

അതേസമയം, 11 മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡി.സി.പിയും നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ സനുമോഹനെ ഇന്ന് പുലര്‍ച്ചെ 4.15-ഓടെയാണ് തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിച്ചത്. വൈഗയുടെ മരണത്തിനുപിന്നാലെ അപ്രത്യക്ഷനായ സനു മോഹനെ ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് കര്‍ണാടക പൊലീസ് പിടികൂടിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top