അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിലായിരുന്ന അഹമ്മദാബാദ് മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം ഇനി അറിയപ്പെടുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ, കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് (ഡേ നൈറ്റ്) ഇവിടെയാണ് നടക്കുന്നത്.
ഒരുലക്ഷത്തി മുപ്പത്തി രണ്ടായിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഗാലറിയുള്ള സ്റ്റേഡിയമാണിത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൈതാനം എന്ന റെക്കോര്‍ഡും ഈ സ്റ്റേഡിയത്തിനുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തില്‍ ടെസ്റ്റ്, ഏകദിന, ടി 20 അന്താരാഷ്ട്ര മത്സരങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
1983ലാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. 1987, 1996, 2011 ലോകകപ്പ് മത്സരങ്ങള്‍ക്ക് മൊട്ടേര സ്റ്റേഡിയം വേദിയായി. 2006-ല്‍ പുതുക്കിപ്പണിതപ്പോഴും സ്റ്റേഡിയത്തിന്റെ പേര് മാറ്റിയിരുന്നില്ല. പുനര്‍നിര്‍മാണത്തിനായി 800 കോടിയാണ് ചെലവഴിച്ചത്.