News Desk

2021-04-27 04:32:03 pm IST

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. ഇതിനു പുറമെ 40,000 രൂപ പിഴയുമടയ്ക്കണം. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. 

മൂന്നാം പ്രതി ബി. മണിമോനെ വിട്ടയച്ചു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. 

കോഴിക്കോട് കസബ പൊലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. 

കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല. കേസില്‍ രണ്ടാം പ്രതിയാണ് സരിത. ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റു ചെയ്യാത്ത പൊലീസ് നടപടി വിവാദമായിരുന്നു. 

തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്നായിരുന്നു കോഴിക്കോട് കസബ പൊലീസ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരെ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. 

സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും ബിജു രാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്ന് സരിത പറഞ്ഞെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top