News Desk

2021-04-23 06:39:32 pm IST

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. അതിനുശേഷം ഏതെല്ലാം നിയന്ത്രണങ്ങള്‍ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കും.

പ്രധാനമന്ത്രിയുമായി വെള്ളിയാഴ്ച രാവിലെ നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചു. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ് മികച്ച പ്രതിരോധം. മേയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്‌സിന്‍ നല്‍കും. വിവിധ പ്രായക്കാര്‍ക്കു വിവിധ സമയം അനുവദിക്കും.

പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവര്‍ക്കു മുന്‍ഗണന നല്‍കും. വാക്‌സിന്‍ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ പ്രധാന ജംഗ്ഷനുകളിലും ആളുകള്‍ കൂടുന്നയിടത്തും പൊലീസ് അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും തിരക്കൊഴിവാക്കാന്‍ നടപടി സ്വീകരിച്ചു. സ്ഥാപനങ്ങളില്‍ പകുതി പേര്‍ മാത്രമേ പാടുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെയും മറ്റെന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി എല്ലാവരും അംഗീകരിക്കണം. അനാവശ്യ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളിനുള്ളില്‍ 75 പേരും തുറസ്സായ സ്ഥലങ്ങളില്‍ 150 പേരും മാത്രമേ പാടുള്ളൂ.

മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡും ക്ഷണക്കത്തും കൈയില്‍ കരുതണം. ദീര്‍ഘദൂര യാത്രകള്‍ പരമാവധി ഒഴിവാക്കണം. അതേസമയം വിവാഹം, മരണം, അടുത്ത ബന്ധുവിന്റെ രോഗീ സന്ദര്‍ശനം, മരുന്ന്, ഭക്ഷണം എന്നിവക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍, സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. ഇതിന് പ്രത്യേക മാതൃകയൊന്നുമില്ല.

ശനി, ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകള്‍ക്ക് ഹോം ഡെലിവറി നടത്താം. അവശ്യസര്‍വിസുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യമെത്തിക്കുന്നതിന് വിലക്കില്ല. എന്നാല്‍, കച്ചവടക്കാരന്‍ മാസ്‌ക് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.

ശനിയാഴ്ച ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയപ്രകാരം നടക്കും. പരീക്ഷ കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷിതാക്കള്‍ കൂട്ടംകൂടി നില്‍ക്കാതെ പെട്ടെന്ന് മടങ്ങണമെന്നും മുഖ്യമന്ത്രി അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top