News Desk

2021-04-05 04:40:44 pm IST
റിയാദ്:  2020ല്‍ സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടത് 1,29,000 പ്രവാസികള്‍. ഇവരില്‍ 1,20,000 പേരും പുരുഷന്മാരാണ്. അതേസമയം, പ്രാദേശിക തൊഴില്‍ വിപണിയില്‍ 74,000 സ്വദേശി തൊഴിലാളികളുടെ എണ്ണം കൂടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടും.  

വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. നിലവില്‍ 6.35 ദശലക്ഷം വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) റജിസ്റ്റര്‍ ചെയ്ത സ്വദേശികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം നാല് ശതമാനം വര്‍ധിച്ച് 2.03 ദശലക്ഷമായി. 

ഇതേ കാലയളവില്‍ 18,000 സ്വദേശികളും തൊഴില്‍ ഉപേക്ഷിച്ചിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ സര്‍ക്കാര്‍ തലത്തില്‍ തൊഴില്‍ ചെയുന്ന സ്വദേശികളുടെ എണ്ണം നിലവില്‍ 2,81,000 ആണ്. സ്വകാര്യ മേഖലയില്‍ 1.75 ദശലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണം 74,000 ആണ്. 

ഗോസിയില്‍ റജിസ്റ്റര്‍ ചെയ്ത സ്വദേശികളില്‍ ഭൂരിഭാഗവും 20-24 വയസിനിടയിലുള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമതായി വരുന്നത് 15-നും 19-നും ഇടയില്‍ പ്രായമുള്ളവരാണ്. 25-നും 29-നും ഇടയില്‍ പ്രായമുള്ളവരാണു മറ്റൊരു വിഭാഗം. എന്‍ജിനിയറിങ്, ക്ലറിക്കല്‍ ജോലികള്‍, സെയില്‍സ്, ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധ തൊഴിലുകള്‍ എന്നിവയാണു സ്വദേശികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top