ജംഷീന മുല്ലപ്പാട്ട്

2020-10-17 08:15:50 pm IST
ഖത്തറിനെതിരെയുള്ള അയല്‍രാജ്യങ്ങളുടെ ഉപരോധം നാലാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 2017 ജൂണ്‍ അഞ്ചിന് പുലര്‍ച്ചയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഈജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്. ഖത്തറിന്റെ സ്വന്തം വാര്‍ത്താ ചാനലായ അല്‍ജസീറ അടച്ചുപൂട്ടുക, ഖത്തറിലെ തുര്‍ക്കി സൈനിക താവളം അടക്കുക, ഇറാനുമായുള്ള ബന്ധം ഒഴിവാക്കുക, ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് അനുകൂല നിലപാട് നിര്‍ത്തുക തുടങ്ങിയ 13 ഇന നിബന്ധനകളാണ് ഉപരോധം നീക്കാനായി ഖത്തറിന്റെ മുന്നില്‍ സഹോദര രാജ്യങ്ങള്‍ വെച്ചത്. എന്നാല്‍, ഇത്തരം നിബന്ധനകള്‍ പാലിക്കാന്‍ സാധ്യമല്ലെന്നാണ് ഖത്തര്‍ തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്താത്ത തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് എന്നും തയ്യാറാണെന്ന നിലപാട് രാജ്യം സ്വീകരിക്കുകയും ചെയ്തു.

ഉപരോധം തുടങ്ങിയ വര്‍ഷം മുതല്‍ ഇന്നുവരെ ഖത്തര്‍ ആത്മാര്‍ഥമായി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് സൗദി അറേബ്യയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഉപരോധം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ അടുത്തെത്തിയതായി സൗദി ഊര്‍ജ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഖത്തര്‍ ഉപരോധം സംബന്ധിച്ച വിഷയങ്ങള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ നേതൃത്വത്തില്‍ വാഷിങ്ടണില്‍ വെച്ചു ചര്‍ച്ച ചെയ്തതായും ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ഖത്തര്‍ ഉപരോധം പിന്‍വലിക്കാനുള്ള എല്ലാ സാധ്യതകളും തുറന്നുവന്നിട്ടുണ്ടെന്നും നിലവില്‍ ഉപരോധ രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ അനുകൂലമായ പ്രതികരണമുണ്ടായത് ശുഭസൂചനയാണെന്നും ഫൈസല്‍ ഫര്‍ഹാന്‍ പറഞ്ഞു. 

കൂടാതെ കുവൈത്ത്- അമേരിക്ക എന്നിവരുടെ മധ്യസ്ഥതയില്‍ ഉപരോധം പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി അറിയിച്ചിട്ടുണ്ട്. അതേസമയം, ഉപരോധം അവസാനിപ്പിക്കാന്‍ അമേരിക്ക തിടുക്കം കൂട്ടുന്നത് പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

ഖത്തര്‍ ഉപരോധം കൊണ്ട് അമേരിക്കന്‍ കമ്പനികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ കാണിച്ച് ട്രംപിനെതിരെ പ്രചാരണം ആരംഭിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നിലവില്‍ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമായും ഖത്തറിന് വ്യോമപാത തുറന്നുകൊടുക്കാനാണ് അമേരിക്കന്‍ സമ്മര്‍ദ്ദം. അമേരിക്കയുടെ ഗള്‍ഫിലെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. പലപ്പോഴും അമേരിക്കന്‍ സൈനികര്‍ കൊമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സഞ്ചരിക്കാറുണ്ട്. നിലവില്‍ ഖത്തര്‍ വിമാനങ്ങള്‍ മുഴുവന്‍ ഇറാന്‍ വ്യോമപാത വഴിയാണ് പോകുന്നത്. ഇത് ഇറാന് സാമ്പത്തികനേട്ടമുണ്ടാക്കുന്നുണ്ട്. ഇതും അമേരിക്കന്‍ ഇടപെടലിന് കാരണമാണ്.

തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം വിഷയങ്ങളില്‍ തീരുമാനം എടുക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സൗദി സഖ്യ രാഷ്ട്രങ്ങളോട് ഖത്തറിന് വ്യോമ പാതകള്‍ തുറന്നു നല്‍കാന്‍ ട്രംപ് നിര്‍ദേശിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെയും ട്രംപ് ഫോണില്‍ ബന്ധപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപരോധരാജ്യങ്ങള്‍ അടച്ച കര-ജല-വ്യോമ അതിര്‍ത്തികള്‍ ഖത്തറിനായി തുറന്നുകിട്ടുന്നത് കാണാന്‍ ആകാംക്ഷയോടെ അമേരിക്കന്‍ കാത്തിരിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. വാഷിങ്ടണില്‍ നടന്ന മൂന്നാമത് ഖത്തര്‍-അമേരിക്ക തന്ത്രപ്രധാനമായ ചര്‍ച്ചയിലാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്.

ഉപരോധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിച്ചേക്കുമെന്ന് മിഡില്‍ ഈസ്റ്റിന്റെ കാര്യങ്ങള്‍ക്കായുള്ള യു.എസ് ഉന്നത നയതന്ത്രജ്ഞന്‍ ഡേവിഡ് ഷെന്‍കറും പറഞ്ഞിരുന്നു. ഉപരോധത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, പരിഹാരചര്‍ച്ചകളില്‍ നിര്‍ണായകമായ ചുവടുവെപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചകളില്‍ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നല്‍കുന്നുണ്ട്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുള്‍പ്പെടുന്ന ഉയര്‍ന്ന തലത്തിലേക്ക് ചര്‍ച്ചകള്‍ മാറിയിട്ടുണ്ടെന്നും ഡേവിഡ് ഷെന്‍കര്‍ പറഞ്ഞിരുന്നു.

ഉപരോധം പരിഹരിക്കാനുള്ള നല്ല സൂചനകള്‍ പലസമയങ്ങളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. തുടക്കം മുതല്‍ കുവൈത്ത് മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തിലായിരുന്നു പ്രശ്നപരിഹാരശ്രമങ്ങള്‍ നടന്നത്. സൗദിയുടെ തലസ്ഥാനമായ റിയാദില്‍ സമാപിച്ച അവസാന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നാല്‍പതാമത് സമ്മേളനത്തില്‍ ഗള്‍ഫ് പ്രതിസന്ധി അയഞ്ഞതിന്റെ നല്ല സൂചനകള്‍ ഉണ്ടായിരുന്നു. ഖത്തറില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിലേക്ക് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ ദേശീയ ടീമുകളെ അയച്ചതുമുതല്‍ തുടങ്ങിയ നല്ല സൂചനകള്‍ ഗള്‍ഫ് പ്രതിസന്ധി പരിഹാരത്തിലേക്ക് നീങ്ങുകയാണെന്നതിന് ബലം നല്‍കുന്നതായിരുന്നു ജി.സി.സി സമ്മേളനത്തോടനുബന്ധിച്ച് നടന്ന കാര്യങ്ങള്‍.

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അന്നത്തെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയെ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായി. ഉപരോധത്തിനുശേഷം നടന്ന ജി.സി.സി സമ്മേളനങ്ങളിലൊന്നും കാണാത്ത കാഴ്ചയായിരുന്നു ഇത്. ഉപരോധത്തിനുശേഷം ആദ്യമായി സൗദിയില്‍നിന്നും ബഹ്റൈനില്‍നിന്നും നേരിട്ടുള്ള വിമാനങ്ങള്‍ ദോഹയില്‍ ഇറങ്ങിയതും നിര്‍ണായകമായിരുന്നു.

ഈ സംഭവ വികാസങ്ങളെല്ലാം കഴിഞ്ഞ മൂന്നു വര്‍ഷമായി നടക്കുന്നുണ്ടെങ്കിലും ഉപരോധം നീക്കാന്‍ തയ്യാറായി സൗദിയോ യു.എ.ഇയോ മറ്റു രാജ്യങ്ങളോ ആത്മാര്‍ഥമായി ശ്രമിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ ഉപരോധം നീക്കാന്‍ അമേരിക്ക ശ്രമിക്കുന്നതാവട്ടെ കൃത്യമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. അത് നേടിയെടുക്കണമെങ്കില്‍ ഉപരോധം പിന്‍വലിക്കണം. അതിനുവേണ്ടി സൗദിയെ സമ്മര്‍ദ്ദത്തിലാക്കുന്നുമുണ്ട് ട്രംപ്. ഒരുപക്ഷെ ഈ സമ്മര്‍ദ്ദമായിരിക്കാം ഉപരോധം അവസാനിപ്പിക്കാനുള്ള സാധ്യതകള്‍ അടുത്തെത്തിയതായി എന്ന് പറയാന്‍ സൗദിയെ പ്രേരിപ്പിക്കുന്നതും. അമേരിക്ക പറയുന്ന കാര്യങ്ങള്‍ സൗദി തള്ളിക്കളയുകയില്ല. അത്രകണ്ട് പല മേഖലകളിലേക്കും ഇരു രാജ്യങ്ങളുടെയും സൗഹൃദം വളര്‍ന്നിട്ടുണ്ട്. ഈ സൗഹൃദത്തിന്റെ ഗുണം ഖത്തര്‍ ഉപരോധം നീക്കാന്‍ ഉപകരിക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 
Top