റിയാദ്: യമന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ച് സൗദി അറേബ്യ. റിയാദില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനാണ് പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന രാജ്യവ്യാപക വെടിനിര്‍ത്തല്‍ പുതിയ തീരുമാനത്തില്‍ ഉള്‍പ്പെടുന്നുവെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫൈസല്‍ രാജകുമാരന് പറഞ്ഞു.
യമന്‍ സര്‍ക്കാരും ഹൂത്തികളും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകളും പുതിയ പദ്ധതിയുടെ ഭാഗമായി പുനരാരംഭിക്കുമെന്ന് ഫൈസല്‍ രാജകുമാരന് കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പിലാക്കുന്നതിനായി അന്താരാഷ്ട്ര സമൂഹത്തോടും പങ്കാളികളോടും യമന്‍ സര്‍ക്കാരുമായും ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഹൂത്തികളെ അംഗീകരിക്കാനും ചര്‍ച്ചയിലേക്ക് കൊണ്ടുവരാനും ആയുധങ്ങള്‍ താഴെവെക്കാനും ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താന്‍ ആവുന്നതെല്ലാം ചെയ്യും. കാരണം പോരാട്ടം അവസാനിപ്പിക്കുന്നതും രാഷ്ട്രീയ പരിഹാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും മാത്രമാണ് മുന്നോട്ടുള്ള വഴിയെന്നും ഫൈസല്‍ രാജകുമാരന് പറഞ്ഞു.
സൗദി നേതൃത്വത്തിലുള്ള സഖ്യം ഹുദൈദ തുറമുഖ ഉപരോധം ലഘൂകരിക്കും. തുറമുഖത്തു നിന്നുള്ള നികുതി വരുമാനം സ്റ്റോക്ക്ഹോം കരാര്‍ അനുസരിച്ച് ഹുദൈദയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് യെമനില്‍ നിക്ഷേപിക്കും. നിര്‍ണിത പ്രാദേശിക, അന്തര്‍ദേശീയ സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് സന്‍ആ വിമാനത്താവളം വീണ്ടും തുറക്കാന്‍ അനുവദിക്കും എന്നിവ പദ്ധതിയിലെ പ്രധാന പോയിന്റുകളാണ്.
ശത്രുതയും ആക്രമണത്തിനുള്ള പിന്തുണയുമല്ലാതെ ഇറാനില്‍ നിന്ന് സൗദി ഒന്നും കണ്ടിട്ടില്ല. മിലീഷ്യകള്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും രാജ്യങ്ങളില്‍ അസ്ഥിരതയുണ്ടാക്കുകയും ചെയ്യുന്ന ഇറാന്റെ നിലപാട് അനുരജ്ഞനം ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. യമനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വാഷിങ്ടണ്ണും അന്താരാഷ്ട്ര സമൂഹവും പിന്തുണ നല്‍കുമെന്ന് സൗദി പ്രതീക്ഷിക്കുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞു. യമനിന്റെ താല്പര്യം ഇറാന്റെ താല്പര്യങ്ങളുടെ മുന്നില്‍ വെക്കണം. യമനിന്റെ താല്പര്യങ്ങള്ക്കാണോ അതല്ല ഇറാന്റെ താല്പര്യങ്ങള്ക്കാണോ മുന്‍ഗണന നല്‍കേണ്ടതെന്ന് ഹൂത്തികള്‍ ആലോചിക്കേണ്ടതുണ്ട്. യമനിലെ രാഷ്ട്രീയ പരിഹാരത്തിന് ചര്‍ച്ച ചെയ്യാന്‍ വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
യമന്റെയും മേഖലയുടേയും സുരക്ഷയെയും സ്ഥിരതയെയും കുറിച്ചുള്ള രാജ്യത്തിന്റെ ആശങ്കയുടെയും യമനില്‍ സമാധാനത്തെ പിന്തുണയ്ക്കുന്നതിനും പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുമുള്ള ഗൗരവവമേറിയതും പ്രായോഗികവുമായ നടപടികളുടെ തുടര്‍ച്ചയാണ് പദ്ധതി. യമന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുകയെന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. ബൈല്‍, ജനീവ, കുവൈറ്റ്, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിലെ ചര്‍ച്ചകള്‍ക്ക് അനുസൃതമായി യമന്‍ പാര്‍ട്ടികള്‍ക്കിടയില്‍ സമഗ്രമായ ഒരു രാഷ്ട്രീയ പ്രമേയത്തിലെത്താനുള്ള ശ്രമങ്ങള്‍ക്കും സൗദിയുടെ ശ്രമം കൂടിയാണിത്.
അതേസമയം, സൗദിയിലെ സിവിലിയന്മാരുടെ വസ്തുക്കള്‍ക്കും സുപ്രധാന സ്ഥാപനങ്ങള്‍ക്കുമെതിരെയും ഇറാനിയന്‍ പിന്തുണയുള്ള ഹൂത്തികള്‍ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളില്‍ നിന്ന് സൗദിയുടെ പ്രദേശങ്ങളെയും അതിലെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനുള്ള മുഴുവന്‍ അവകാശവും സൗദിക്കുണ്ടെന്നും കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലും യമനിലുമുള്ള ഇറാനിയന്‍ ഇടപെടലിനെ പൂര്‍ണമായും നിരസിക്കുന്നു. യമന്‍ പ്രതിസന്ധി നീണ്ടുപോകാനുള്ള പ്രധാന കാരണമിതാണെന്നും സൗദി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക