ജിദ്ദ: ഇറാന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അമേരിക്കയുമായും യൂറോപ്പുമായും ചര്‍ച്ച നടത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്ഹാന്. മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ഇറാന്റെ പ്രവര്‍ത്തനങ്ങളെയും ആണവ പദ്ധതികളെയും ഉള്‍പ്പെടെ സൗദി അറേബ്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാവും ചര്‍ച്ച നടത്തുക.
യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിലും മേഖലയുടെ സുരക്ഷ ഒന്നാമതാണ്. സുരക്ഷയും സ്ഥിരതയും കൈവരിക്കാനും അതിന് പരിഗണന കൊടുക്കാനും ആഗ്രഹിക്കുന്നുവെന്ന് അമേരിക്കന്‍ ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നുണ്ട്
എല്ലാ വെല്ലുവിളികളും മറികടക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ വെല്ലുവിളികളെ മറികടക്കാനാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.
സുരക്ഷ ഭീഷണികളിലും സൈനികമായ ഏറ്റുമുട്ടലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ ലോകത്തിന്റെ അഭിവൃദ്ധിക്കും വികസനത്തിനുമായി നിലകൊള്ളാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. അത് നേടുന്നതിന് തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജി20 ഉച്ചകോടിയിലെ സൗദി അറേബ്യയുടെ അധ്യക്ഷ സ്ഥാനവും കൊവിഡിനെ നേരിടാനുള്ള ആഗോള അഭ്യര്‍ഥനകളെ ഏകോപിപ്പിക്കാനുള്ള ശ്രമവും വിദേശകാര്യ മന്ത്രി ഓര്‍മിച്ചു.
പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന് സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെ ലോകം അഭിമുഖീകരിക്കുന്ന മറ്റു വെല്ലുവിളികളെയും നേരിടാന്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
പ്രാദേശികവും ആഗോളവുമായ സഹകരണം നേടുന്നതിനും വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ നേടുന്നതിനും രാജ്യം അതിന്റെ അന്താരാഷ്ട്ര പങ്കാളികളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ