News Desk

2021-05-29 05:44:37 pm IST
ജിദ്ദ: യു.എ.ഇ അടക്കം 11 രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയമാണ് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. നിലവില്‍ 20 രാജ്യങ്ങള്‍ക്കായിരുന്നു സൗദിയിലേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 11 രാജ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഞായര്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ പ്രവേശനം അനുവദിക്കും. 

അതേസമയം, നേരത്തെ യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് തുടരും. എന്നാല്‍ യു.എ.ഇയില്‍ നിന്നുള്ള വിലക്ക് നീക്കിയത് മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ്. 

യു.എ.ഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാം. അതേസമയം, ഇവിടങ്ങളില്‍ നിന്നും രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഈ 11 രാജ്യങ്ങളിലെ കൊവിഡ് വ്യാപന തോത് കുറഞ്ഞതിനെ  തുടര്‍ന്നാണ് വിലക്ക് നീക്കിയത്. 

നിലവില്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് നിലനില്‍ക്കുന്നുണ്ട്. യു.എ.ഇ വിലക്ക് നീക്കുന്നതോടെ സൗദി പ്രവാസികള്‍ക്ക് യു.എ.ഇയിലെത്തി 14 ദിവസങ്ങള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി സൗദിയിലെത്താം. ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ജൂണ്‍ 14 മുതല്‍ ഒഴിവാക്കിയേക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് വ്യാപനം വിലയിരുത്തിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക എന്നും അംബാസിഡര്‍ അറിയിച്ചിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ





Top