News Desk

2021-04-29 03:18:25 pm IST
റിയാദ്: ഇറാനുമായി നല്ല ബന്ധമാണ് സൗദി ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇറാന്റെ നിഷേധാത്മക നിലപാടാണ് ഇതിന് തടസ്സമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. തന്റെ നേതൃത്വത്തില്‍ നടക്കുന്ന വിഷന്‍ 2030ന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് സൗദി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇറാന്‍ ഞങ്ങളുടെ അയല്‍ രാജ്യമാണ്. ഇറാനുമായി സാധാരണ നിലയിലുള്ളതും മാന്യവുമായ ബന്ധമാണ് സൗദി ആഗ്രഹിക്കുന്നത്. എന്നാല്‍ ആണവായുധ പദ്ധതി, സായുധ പോരാളി വിഭാഗങ്ങള്‍ക്കുള്ള പിന്തുണ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി തുടങ്ങിയ കാര്യങ്ങളില്‍ ഇറാന്റെ നിലപാടുകള്‍ നിഷേധാത്മകമാണ്. ഇരുരാജ്യങ്ങള്‍ക്കിടയിലെ നല്ല ബന്ധത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത് ഇത്തരം നിലപാടാണ്. ഈ വെല്ലുവിളികള്‍ അതിജീവിക്കാന്‍ ഇരു മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാജ്യങ്ങളുമായി തങ്ങള്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. അക്കാര്യത്തില്‍ വിജയപ്രതീക്ഷയുണ്ടാകും, മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

അറബ് രാജ്യമായ യമനില്‍ സംഘര്‍ഷം അവസാനിക്കണമെന്നാണ് സൗദി ആഗ്രഹിക്കുന്നത്. യമനിലെ ഹൂത്തികളുമായി ചര്‍ച്ചകള്‍ നടത്താന്‍ സൗദി ഒരുക്കമാണ്. മേഖലയിലെ എല്ലാവരുടെയും അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു പരിഹാരത്തിലെത്താന്‍ ഹൂത്തികള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൂത്തികള്‍ക്ക് ഇറാന്‍ ഭരണകൂടവുമായി ശക്തമായ ബന്ധമാണുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവസാന വിശകലനത്തില്‍ യമനികള്‍ അറബികളാണ്. ഈ ബോധം യമനികളില്‍ ശക്തമാവുകയും തങ്ങളുടെ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ മുന്‍ഗണന നല്‍കാന്‍ അവര്‍ തയ്യാറാവുകയും ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഹമ്മദ് സല്‍മാന്‍ പറഞ്ഞു.

അതേസമയം, അമേരിക്കയിലെ ജോ ബെയ്ഡന്‍ ഭരണകൂടവുമായി 90 ശതമാനം കാര്യങ്ങളിലും സൗദിക്ക് യോജിച്ച നിലപാടാണെന്നും കിരീടാവകാശി പറഞ്ഞു. സൗദിയെ സംബന്ധിച്ചിടത്തോളം അമേരിക്ക ഒരു തന്ത്രപരമായ പങ്കാളിയാണ്. 10 ശതമാനത്തില്‍ കുറവ് കാര്യങ്ങളില്‍ മാത്രമാണ് യു.എസുമായി എന്തെങ്കിലും വിയോജിപ്പുകളുള്ളത്. ഇവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇരുവിഭാഗവും സജീവമായി നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top