News Desk

2021-10-15 07:58:57 pm IST

ജിദ്ദ: സൗദിയില്‍ ഇനി മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കൊവിഡ് -19 നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദിവസേനയുള്ള രോഗികളുടെ എണ്ണത്തിലെ ഗണ്യമായ കുറവും വാക്‌സിനേഷന്‍ പ്രക്രിയ വിപുലീകരിച്ചതിനാലുമാണ് യന്ത്രണങ്ങള്‍ ലഘൂകരിക്കുന്നത്. നിയമം ഞായറാഴ്ച മുതല്‍ നിലവില്‍ വരും.

തുറസ്സായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. കൂടാതെ പൊതുസ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. പക്ഷെ എല്ലാ സ്ഥലങ്ങളിലും പ്രവേശനം രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും.

ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ എത്ര പേര്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും മുഴുവന്‍ സീറ്റുകളും ഉപയോഗപ്പെടുത്താം. പക്ഷെ അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. 

മക്ക, മദീന പള്ളികള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രവേശനം രണ്ടു ഡോസ് വാക്‌സിനും എടുത്തവര്‍ക്കായിരിക്കും. അടച്ച വേദികള്‍, ഒത്തുചേരലുകള്‍, ഗതാഗതം, റെസ്റ്റോറന്റുകള്‍, സിനിമാശാലകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ്പ് കാണിക്കല്‍ നിര്‍ബന്ധമാണ്. തവക്കല്‍നാ ആപ്പ് വഴി ആരോഗ്യ പരിശോധനകള്‍ നടപ്പാക്കാത്ത സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരുകയും ചെയ്യും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top