News Desk

2021-04-09 09:32:53 pm IST

റിയാദ്: റമദാന്‍ മാസത്തില്‍ അധികൃതരില്‍ നിന്നുള്ള പെര്‍മിറ്റ് ഇല്ലാതെ ഉംറ തീര്‍ഥാടനത്തിനോ മസ്ജിദുല്‍ ഹറാമില്‍ പ്രാര്‍ഥന നടത്തുന്നതിനോ വേണ്ടി മക്കയില്‍ പ്രവേശിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. വ്യാജ പെര്‍മിറ്റുമായി എത്തിയാല്‍ 10,000 റിയാല്‍ പിഴ ഈടാക്കും. 

ഹറം പള്ളിയിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു 1000 റിയാലും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

ഈ ശിക്ഷാ നടപടി കൊവിഡ് പ്രതിസന്ധിക്ക് ശമനമുണ്ടാവുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്യുന്നത് വരെ തുടരാനാണ് സാധ്യതയെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

മക്കയിലേക്കുള്ള എല്ലാ റോഡുകളിലും ചെക്ക് പോസ്റ്റുകളിലും സുരക്ഷ ഉദ്യോഗസ്ഥര്‍ പെര്‍മിറ്റുണ്ടോ എന്ന കാര്യം പരിശോധിക്കും. അതോടൊപ്പം മസ്ജിദുല്‍ ഹറാമിലേക്ക് പോകുന്ന വഴികളിലും പരിശോധന ഏര്‍പ്പെടുത്തും. പെര്‍മിറ്റില്ലാത്ത ഒരാളും മക്കയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

വിശുദ്ധ പള്ളികളിലും മറ്റു സന്ദര്‍ശന കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കു വിധേയമായി വിശ്വാസികള്‍ കര്‍മങ്ങള്‍ നിര്‍വഹിക്കണമെന്നും അധികൃതര്‍ പറഞ്ഞു. സുരക്ഷാ നിയന്ത്രണങ്ങള്‍ക്കു വേണ്ടി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 

അതേസമയം, നിയമ വിധേയമായി ഉംറയ്ക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹജ്ജ് സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് അറിയിച്ചു. ഉംറയ്ക്ക് അപേക്ഷിക്കാന്‍  ഉതകും വിധം തവക്കല്‍നാ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റമദാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനത്തിനും മക്കയിലെ മസ്ജിദുല്‍ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാനും കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ അനുമതി നല്‍കൂ എന്ന് സൗദി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

തവക്കല്‍നാ ആപ്പില്‍ വാക്‌സിന്‍ ലഭിച്ചവര്‍ എന്ന് രേഖപ്പെടുത്തിയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇതുപ്രകാരം രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കു പുറമെ, ആദ്യ ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും പ്രവേശനം അനുവദിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top