News Desk

2021-05-02 11:05:13 pm IST
റിയാദ്: അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17-ന് പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. 17-ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രാജ്യത്തിന്റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് സ്വദേശികള്‍ക്കായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

യാത്രക്കാര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആയിരിക്കണം. ഇക്കാര്യം തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ആയിരിക്കണം, കൊവിഡ് ബാധിച്ച് രോഗം ഭേദമായി ആറ് മാസം കഴിഞ്ഞവര്‍. ഇക്കാര്യവും തവക്കല്‍ന ആപ്പ്‌ളിക്കേഷനില്‍ അപ്‌ഡേറ്റ് ആയിരിക്കണം, 18 വയസില്‍ താഴെ പ്രായമുള്ളവര്‍. ഇവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കൊവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം എന്നീ കാര്യങ്ങള്‍ പാലിക്കണം.

രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന, എട്ട് വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം സൗദിയിലെത്തി ഏഴ് ദിവസങ്ങള്‍ വീട്ടില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും ശേഷം പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന എല്ലാ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്നും കൊവിഡ് ഏറ്റവും കൂടുതലായി ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ മെയ് 17-ന് അന്താരാഷ്ട്ര യാത്രാവിലക്ക് എടുത്തു കളയുമ്പോള്‍ രാജ്യത്തുള്ള വിദേശികളുടെ യാത്രാ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നോ നിലവില്‍ യാത്രാ വിലക്കുള്ള 20 രാജ്യങ്ങളിലേക്ക് അന്നേ ദിവസം യാത്രാനുമതി ഉണ്ടാവുമോ എന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമായ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top