News Desk

2021-03-29 05:22:59 pm IST
റിയാദ്: സൗദി അറേബ്യയയെ കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും രാജ്യത്തെ പ്രകൃതി സൗഹൃദം ആക്കുന്നതിന്റെയും ഭാഗമായി പുതിയ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി ഗ്രീന്‍, മിഡില്‍ ഈസ്റ്റ് ഗ്രീന്‍ എന്നീ രണ്ട് സംരംഭങ്ങള്‍ ആണ് ആരംഭിക്കുന്നത്.

പ്രധാന ആഗോള എണ്ണ ഉല്‍പാദക രാജ്യമെന്ന നിലയില്‍ കാലാവസ്ഥ പ്രതിസന്ധിക്കെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകുന്നതിന് സൗദിക്കുള്ള ഉത്തരവാദിത്തം നന്നായി അറിയാമെന്നും ഹരിതയുഗത്തിലേക്ക് ഭാവിയെ നയിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും കിരീടാവകാശി പറഞ്ഞു. കാര്‍ബണ്‍ ഉല്‍പാദനം കുറക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കും. മരുഭൂവല്‍കരണം പോലുള്ള നിരവധി പാരിസ്ഥിതിക വെല്ലുവിളികള്‍ രാജ്യവും മേഖലയും നേരിടുന്നുണ്ട്. ഇതു മേഖലക്ക് സാമ്പത്തിക ഭീഷണിയുണ്ടാക്കുന്നു. സൗദി ഗ്രീന്‍ സംരംഭത്തിലൂടെ സസ്യസംരക്ഷണം വര്‍ധിപ്പിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ഭൂമിയുടെ നാശത്തെ ചെറുക്കാനും സമുദ്ര ജീവികളെ സംരക്ഷിക്കാനും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വരുന്ന പതിറ്റാണ്ടിനുള്ളില്‍ 1000 കോടി മരങ്ങള്‍ സൗദിയില്‍ നട്ടുവളര്‍ത്തുമെന്നാണ് ശ്രദ്ധേയമായ പ്രഖ്യാപനം. ഇതിനു പുറമെ മറ്റു പശ്ചിമേഷ്യന്‍ ഭാഗങ്ങളിലായി 40 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹകരിക്കുമെന്നും ഇദ്ദേഹം പ്രഖ്യാപിച്ചു. ഹരിത സ്ഥലങ്ങളുടെ വിസ്തൃതി ഇതോടെ 12 മടങ്ങ് വര്‍ദ്ധിക്കും. കൂടാതെ സംരക്ഷിത വനപ്രദേശങ്ങളുടെ വിസ്തൃതി 30 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവില്‍ ഇത് ആറ് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ എന്നാണ് കണക്കാക്കുന്നത്. ഒരോ രാജ്യത്തിന്റെയും 17 ശതമാനം പ്രദേശം സംരക്ഷിക്കുകയെന്ന നിലവിലെ ആഗോള ലക്ഷ്യം ഇതിലൂടെ കൈവരിക്കും. 

ഗ്രീന്‍ മിഡില്‍ ഈസ്റ്റ് സംരംഭം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി സഹകരിച്ചായിരിക്കും നടപ്പിലാക്കുക. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലായി 40 ശതകോടി മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കും. മൊത്തം 50 ശതകോടി വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും മരംനടല്‍ പദ്ധതിയായിരിക്കും ഇതെന്നും കിരീടാവകാശി പറഞ്ഞു. മരം നടല്‍ പദ്ധതിയിലൂടെ 200 ദശലക്ഷം ഹെക്ടര്‍ തരിശായ പ്രദേശത്തെ പുനരധിവസിപ്പാക്കാനും. ആഗോള കാര്‍ബണ്‍ നിരക്കില്‍ 2.5 ശതമാനം കുറവ് വരുത്താന്‍ ഇതിലൂടെ കഴിയും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top