News Desk

2021-03-22 06:29:59 pm IST

റിയാദ്: അടുത്ത 50 വര്‍ഷത്തേക്ക് ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്കായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് സൗദിയുടെ എണ്ണകമ്പനിയായ അരാംകോ. ഞായാറാഴ്ച നടന്ന ചൈന ഡെവലപ്പ്മെന്റ് ഫോറത്തിലാണ് അരാംകോ ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നായ സൗദി അറേബ്യ ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ചൈനയിലേക്കാണ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ കയറ്റി അയച്ചത്. 1.86 മില്ല്യണ്‍ ബാരല്‍ പെട്രോളിയം ഉത്പന്നം പ്രതിദിനം ചൈനിയിലേക്ക് സൗദി കയറ്റി അയക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയക്കുന്ന രാഷ്ട്രം റഷ്യയായിരുന്നു. എന്നാല്‍ 2020-ല്‍ സൗദി റഷ്യയുടെ റെക്കോര്‍ഡ് തകര്‍ത്ത് ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റി അയച്ചു.

''ചൈനയുടെ ഊര്‍ജ സുരക്ഷയ്ക്ക് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അത് അടുത്ത അഞ്ച് വര്‍ഷത്തേക്ക് മാത്രമല്ല, 50 വര്‍ഷത്തേക്കും അങ്ങനെതന്നെയായിരിക്കും,'' എന്നാണ് അരാംകോ സി.ഇ.ഒ പറഞ്ഞത്. 

ചൈനയുടെ ഊര്‍ജ ആവശ്യങ്ങളില്‍ മുന്‍നിര വിതരണക്കാര്‍ ആവുക എന്നതിലുപരി എനര്‍ജി ട്രാന്‍സിഷന്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക എന്നതിനും പ്രഥമ പരിഗണന നല്‍കുമെന്ന് അരാംകോ അറിയിച്ചു.

കൊവിഡിനെ തുടര്‍ന്ന് സൗദിയുടെ അരാംകോയുടെ ലാഭം വലിയ തോതിലാണ് ഇടിഞ്ഞത്. 2020-ല്‍ നേര്‍പകുതിയായി ആണ് കമ്പനിയുടെ ലാഭം കുറഞ്ഞത്. 4900 കോടി ഡോളറായി വരുമാനം കുറഞ്ഞതായി ആണ് കമ്പനി പ്രഖ്യാപിച്ചത്. 1875 കോടി ഡോളര്‍ ആണ് സൗദി അരാംകോയുടെ മൂന്ന് മാസത്തെ ലാഭവിഹിതം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top