News Desk

2021-02-07 03:29:16 pm IST
അറബിക് സനാ: ഇറാന്‍ പിന്തുണയുള്ള ഹൂത്തി സേനയെ പ്രതിരോധിക്കാന്‍ യെമന്‍ സര്‍ക്കാരിന് രാഷ്ട്രീയവും സൈനികവുമായ പിന്തുണ നല്‍കുന്നത് തുടരുമെന്ന് സൗദി അറേബ്യ ഉപപ്രതിരോധ മന്ത്രി പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന യെമന്‍ യുദ്ധത്തിനുള്ള യു.എസ് പിന്തുണ പിന്‍വലിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് സൗദിയുടെ ഈ പ്രതികരണം. സൗദിയുമായുള്ള ആയുധ കരാര്‍ യു.എസ് മരവിപ്പിച്ചിരുന്നു. തുടര്‍ന്നാണ് യമന്‍ യുദ്ധത്തിനുള്ള പിന്തുണ യു.എസ് പിന്‍വലിക്കുമെന്ന നിലപാട് ബൈഡന്‍ ഉന്നയിച്ചിരുന്നത്. അതേസമയം, യെമന്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ അമേരിക്കയുമായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചതായും മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ ദിവസമായിരുന്നു യെമന്‍ യുദ്ധത്തിനുള്ള യു.എസ് പിന്തുണ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. 'ഈ യുദ്ധം മനുഷ്യവകാശ പ്രശ്നങ്ങളും നയതന്ത്ര രംഗത്ത് വലിയ ദുരന്തങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം അവസാനിച്ചേ തീരു.' നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുമെന്നതിന്റെ സൂചനയായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ട്രംപ് സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു. അതേസമയം, ബൈഡനോട് ഇടയാന്‍ തന്നെയാണ് സൗദിയുടെ തീരുമാനമെന്നാണ് യെമന്‍ സര്‍ക്കാരിന് രാഷ്ട്രീയവും സൈനികവുമായ പിന്തുണ നല്‍കുന്നത് തുടരുമെന്ന പ്രഖ്യാപനത്തിലൂടെ തെളിഞ്ഞുവരുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top