News Desk

2021-12-05 11:00:07 pm IST
ദോഹ: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തുന്നത്. 

ഡിസംബര്‍ ആറു മുതലാണ് കിരീടവകാശിയുടെ ഗള്‍ഫ് പര്യടനം ആരംഭിക്കുന്നതെന്ന് നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു. ഒമാനില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ ബഹ്റൈന്‍, ഖത്തര്‍, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് രാജകുമാരന്‍ സന്ദര്‍ശനം നടത്തുക.

അതേസമയം, ഖത്തര്‍ ഉപരോധം പിന്‍വലിച്ചതിന് ശേഷം ഇത് ആദ്യമായാണ് സൗദി കിരീടവകാശി ഖത്തര്‍ സന്ദര്‍ശനം നടത്തുന്നത്. 2017 ല്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ സൗദിയും മുന്‍നിരയില്‍ ഉണ്ടായിരുന്നെങ്കിലും, 41-ാം ജി.സി.സി ഉച്ചകോടിയോടെ ഇരുരാജ്യങ്ങളും സൗഹൃദം പുനസ്ഥാപിക്കുകയായിരുന്നു.

അല്‍ ഉല ഉടമ്പടിയിലൂടെ ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധം ജി.സി.സി രാഷ്ട്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഖത്തറും സൗദിയും തമ്മില്‍ നിരവധി പ്രധാനകരാറുകളില്‍ ഒപ്പിടുകയും ചെയ്തിരുന്നു. 

അറബ് രാഷ്ട്രങ്ങളുടെ ഒത്തൊരുമ ഊട്ടിയുറപ്പിക്കുകയാണ് കിരീടവകാശിയുടെ പര്യടനത്തിന്റെ പ്രധാന ലക്ഷ്യം. ഇറാന്റെ ആണവശേഖരം അടക്കമുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top