News Desk

2021-04-01 10:51:10 pm IST
റിയാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സൗദി സര്‍ക്കാര്‍ അനുകൂല മാധ്യമമായ സൗദി ഗസറ്റ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മാതൃകാ പരമായ പദ്ധതികളാണ് കശ്മീരില്‍ വരുത്തിയതെന്ന് സൗദി ഗസറ്റ് പറയുന്നു.

പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ രാജ്യത്ത് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആരും ബാക്കിയുണ്ടാവില്ലെന്ന പ്രാദേശിക നേതാക്കളുടെ വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു എന്നാണ് സൗദി ഗസറ്റ് പറയുന്നത്. കശ്മീരിലെ യുവാക്കള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സ്‌കോളര്‍ഷിപ്പുകള്‍, കശ്മീരികളുടെ മാറിയ ജീവിത നിലവാരം തുടങ്ങിയവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

യഥാര്‍ത്ഥത്തില്‍ നിരവധിപേര്‍ അവരുടെ ബിരുദം പൂര്‍ത്തിയാക്കി രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നു. അനിശ്ചിതത്വത്തിന്റെ ചതുപ്പ് നിലത്തില്‍ നിന്നും മേഖലയെ ഉയര്‍ത്തുമെന്ന ഉറച്ച തീരുമാനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു,' സൗദി ഗസറ്റില്‍ പറയുന്നു. ഒരു നല്ല രാജ്യത്തെ ആക്രമിക്കാന്‍ വേണ്ടി ദുഷ്ടശക്തികള്‍ ഉപയോഗിച്ച് വന്ന കശ്മീരി യുവാക്കള്‍ക്ക് പുതിയ ജീവിതം നല്‍കിയെന്നും സൗദി ഗസറ്റ് പറയുന്നു.

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലും ജമ്മു കാശ്മീര്‍ മേഖലയില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തു എന്ന് വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷ- ആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനസ്ഥാപിച്ചു. 'എങ്കിലും അതിവേഗ 4ജി ഇന്റര്‍നെറ്റ് ഇപ്പോഴും ജമ്മു കാശ്മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.' റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയ്ഗര്‍ മുസ്ലീങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top